വിഴിഞ്ഞം തർക്കം: കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതി… ദിവ്യ എസ് അയ്യരെ മാറ്റിയത്…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ സർക്കാർ തീരുമാനത്തിൽ സിപിഐഎമ്മിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. ദിവ്യയെ മാറ്റിയത് അദാനിക്ക് വേണ്ടിയാണെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ നിലപാട് തള്ളി ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി പി കെ ശ്രീമതി രംഗത്തെത്തി. സ്ഥലംമാറ്റ നടപടി തികച്ചും സ്വാഭാവികമാണെന്നും അതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്നുമാണ് പി കെ ശ്രീമതി റിപ്പോർട്ടറിനോട് പ്രതികരിച്ചത്.

സർക്കാരുകൾ മാറിവരുമ്പോൾ സാധാരണയായി ഉദ്യോഗസ്ഥരെ മാറ്റാറുണ്ടെന്ന് പി കെ ശ്രീമതി വിശദീകരിച്ചു. കെ കെ രാഗേഷിന്റെ പ്രസ്താവനയിൽ വ്യക്തതയില്ലെന്നും, നടപടിയിൽ മറ്റെന്തെങ്കിലും പ്രശ്നമുള്ളതായി തോന്നുന്നുണ്ടെങ്കിൽ അത് അദ്ദേഹം തന്നെ വിശദീകരിക്കട്ടെയെന്നും ശ്രീമതി പറഞ്ഞു. ദിവ്യ മികച്ചൊരു ഉദ്യോഗസ്ഥയാണ്. ഏത് സർക്കാർ വന്നാലും അവർ സത്യസന്ധമായി പ്രവർത്തിക്കും. അത് പരിഗണിക്കുമ്പോൾ അവരെ മാറ്റേണ്ടതില്ലെന്നാണ് വ്യക്തിപരമായി തോന്നുന്നത്. എന്നാൽ സർക്കാരുകൾ മാറുമ്പോൾ ഇത്തരം തീരുമാനങ്ങൾ ഉണ്ടാകാറുണ്ട്. അത് വിവാദമാക്കേണ്ടതില്ല.

മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയിലും വ്യക്തതയില്ലെന്ന് ശ്രീമതി കുറ്റപ്പെടുത്തി. വിഷയത്തിൽ ‘കൂടുതൽ പറയിപ്പിക്കരുത്’ എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം. ‘ആവിലും ഇല്ല ദുനിയാവിലും ഇല്ല’ എന്ന നിലയിൽ സംസാരിക്കരുതെന്ന് മുഖ്യമന്ത്രിയെ ശ്രീമതി പരിഹസിച്ചു. വിഴിഞ്ഞം എംഡി സ്ഥാനം മാത്രം എന്തിനാണ് ചർച്ചയാക്കുന്നത്? ഹെൽത്ത് സർവീസ് ഡയറക്ടറെ മാറ്റിയത് ആരും ചർച്ചയാക്കിയില്ലല്ലോ എന്നും ശ്രീമതി ചൂണ്ടിക്കാട്ടി. ദിവ്യ എസ് അയ്യരെ മാറ്റിയ നടപടി സ്വാഭാവികമാണെന്ന് നേരത്തെ മുൻ മന്ത്രി കെ കെ ശൈലജയും വ്യക്തമാക്കിയിരുന്നു. പുതിയ സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥ തലത്തിൽ അങ്ങോട്ടുമിങ്ങോട്ടും മാറ്റങ്ങളുണ്ടാകുന്നത് പതിവാണെന്നായിരുന്നു ശൈലജയുടെ നിലപാട്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകണമെന്നും എന്നാൽ അത് പൂർണ്ണമായും കോർപ്പറേറ്റുകളുടെ കൈകളിലേക്ക് പോകരുതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടിയാണെന്നായിരുന്നു സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നേരത്തെ കടുത്ത നിലപാടെടുത്തത്. ദിവ്യയെ മാറ്റാൻ അദാനി അധികൃതർ പലതവണ ശ്രമിച്ചതായും രാഗേഷ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ദിവ്യയെ നീക്കിയത് അദാനിയെ സഹായിക്കാനാണെന്ന് ചില മാധ്യമങ്ങൾ പറയുന്നുണ്ടെന്ന രീതിയിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പരാമർശിച്ചത്.

Related Articles

Back to top button