വിഴിഞ്ഞത്ത് കരാർ ലംഘിച്ച് അദാനി പോർട്സ്… ദിവ്യ എസ് അയ്യർ ചുമത്തിയത്….

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് കരാർ വ്യവസ്ഥകൾ ലംഘിച്ചതിന് അദാനി പോർട്സിന് 15 കോടി രൂപ പിഴ ചുമത്തി വിഴിഞ്ഞം തുറമുഖ കമ്പനി. ദിവ്യ എസ് അയ്യർ എംഡിയായിരുന്ന രണ്ട് വർഷത്തെ കാലയളവിലാണ് എട്ട് തവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ശേഷം ഈ പിഴ ചുമത്തിയത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ദിവ്യ എസ് അയ്യരെ എംഡി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ സംഭവം ഇപ്പോൾ വൻ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
കരാർ വ്യവസ്ഥകൾ അദാനി പോർട്സ് തുടർച്ചയായി ലംഘിച്ചെന്നാണ് വിഴിഞ്ഞം തുറമുഖ കമ്പനി കണ്ടെത്തിയിട്ടുള്ളത്. ദിവ്യ എസ് അയ്യർ എംഡിയായിരുന്ന കാലത്ത് കണ്ടെത്തിയ പ്രധാന വീഴ്ചകൾ ഓരോ വർഷവും കൃത്യമായ സാമ്പത്തിക അവലോകന റിപ്പോർട്ട് തുറമുഖ കമ്പനിക്ക് നൽകണമെന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ അദാനി പോർട്സ് ഇതുവരെ ഈ റിപ്പോർട്ട് നൽകിയിട്ടില്ല. ഇതിൽ വിശദീകരണം തേടി നോട്ടീസ് നൽകിയിട്ടും അദാനി മറുപടി നൽകാൻ തയ്യാറായില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട തുക കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടിലേക്ക് എത്തുന്ന തുക അതിലൂടെ മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിച്ച് അദാനി പോർട്സ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റി. സർക്കാർ അനുവദിച്ച പണം ചെലവഴിച്ചതിന്റെ കണക്കുകൾ നൽകുന്നതിലും വരുമാനത്തിന്റെ സ്രോതസ്സ് ഹാജരാക്കുന്നതിലും അദാനി വീഴ്ച വരുത്തി. അദാനി പോർട്സിന്റെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്ന് ദിവ്യ എസ് അയ്യർ കണ്ടെത്തിയിരുന്നു.
രണ്ടര വർഷക്കാലം തുറമുഖ കമ്പനിയുടെ എംഡി സ്ഥാനത്തിരുന്ന ദിവ്യ എസ് അയ്യരെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പദവിയിൽ നിന്ന് നീക്കുകയായിരുന്നു. ഇതോടെ ദിവ്യയെ മാറ്റിയത് അദാനിയെ സഹായിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ദിവ്യ എസ് അയ്യരെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത് അദാനിക്ക് വേണ്ടിയാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആണ്. വിഷയത്തിൽ കടുത്ത പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിട്ടുണ്ട്.




