‘അമ്മ’യിൽ വീണ്ടും കൂട്ടപ്പൊരിച്ചിൽ.. അഡ്ഹോക് കമ്മിറ്റിയും രാജിവെക്കുന്നു… താക്കോലുകളും പാസ്വേർഡുകളും…..

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ തമ്മിലടി രൂക്ഷമാകുന്നു. ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ കോടതി ഇടപെടൽ ഉണ്ടായതിന് പിന്നാലെ അഡ്ഹോക് കമ്മിറ്റി കൂട്ടത്തോടെ രാജിവെക്കാനൊരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്. ഇനി ഒരു നിയമയുദ്ധത്തിനില്ലെന്നാണ് കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കുന്നത്. മുൻ കമ്മിറ്റിയുടെ കൈയിൽ നിന്നും വാങ്ങിയ അധികാരങ്ങളെല്ലാം അഡ്ഹോക് കമ്മിറ്റി തിരികെ നൽകിക്കഴിഞ്ഞു. സംഘടനയുടെ താക്കോലുകൾ, വൈഫൈ പാസ്വേർഡ്, ഇമെയിൽ പാസ്വേർഡ്, മറ്റ് സുപ്രധാന രേഖകൾ എന്നിവ ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെ വിളിച്ചുവരുത്തിയാണ് കമ്മിറ്റി അംഗങ്ങൾ കൈമാറിയത്.
കോടതി ഇടപെടലുണ്ടായ ഘട്ടത്തിൽ ജനറൽ ബോഡി അംഗങ്ങൾ തങ്ങളെ പിന്തുണച്ചില്ലെന്നാണ് അഡ്ഹോക് കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായം. സംഘടനയിലെ ഈ പ്രതിസന്ധി ഘട്ടത്തിലും മുതിർന്ന അംഗങ്ങൾ ആരും തന്നെ പ്രതികരിക്കാൻ തയ്യാറാകാത്തതിലും കമ്മിറ്റി അംഗങ്ങൾക്ക് കടുത്ത അമർഷമുണ്ട്. രാജി പ്രഖ്യാപിച്ച പഴയ കമ്മിറ്റി തന്നെ തൽക്കാലം സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകട്ടെ എന്ന നിലപാടിലാണ് അഡ്ഹോക് കമ്മിറ്റി ഇപ്പോൾ. രമേശ് പിഷാരടി ശ്വേതാ മേനോനുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവിട്ട സംഭവത്തിൽ ശ്വേതയ്ക്കെതിരെ അഡ്ഹോക് കമ്മിറ്റിയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഈ ഫോൺ സംഭാഷണം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. വിവാദങ്ങൾക്ക് പിന്നാലെ രമേഷ് പിഷാരടി അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചിരുന്നു.
‘അമ്മ’ ജനറൽ ബോഡിക്ക് ശേഷമായിരുന്നു ശ്വേതാ മേനോൻ ജനറൽ സെക്രട്ടറിയായിരുന്ന മുൻ കമ്മിറ്റി രാജി പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നാലെയാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റി താൽക്കാലികമായി അധികാരമേറ്റെടുക്കുന്നത്. എന്നാൽ മുൻ കമ്മിറ്റി ഔദ്യോഗികമായി രാജിവെക്കാതിരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. അഡ്ഹോക് കമ്മിറ്റി രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ശ്വേതാ മേനോൻ കോടതിയെ സമീപിക്കുകയായിരുന്നു. ജനറൽ ബോഡിയിൽ ഉയർന്ന വിമർശനങ്ങളിൽ തന്റെ നിരപരാധിത്വം തെളിയിച്ചിട്ടേ പടിയിറങ്ങൂ എന്നതായിരുന്നു ശ്വേതയുടെ നിലപാട്. സംഘടനയുടെ ചട്ടങ്ങൾ പരിഗണിച്ച കോടതി, ശ്വേതാ മേനോൻ ജനറൽ സെക്രട്ടറിയായ പഴയ കമ്മിറ്റിക്ക് തന്നെ അടുത്ത തിരഞ്ഞെടുപ്പ് വരെ തുടരാമെന്ന് ഉത്തരവിടുകയായിരുന്നു. ഇതാണ് ഇപ്പോൾ അഡ്ഹോക് കമ്മിറ്റിയുടെ പൂർണ്ണമായ പിന്മാറ്റത്തിലേക്ക് വഴിതുറന്നത്.




