തൃണമൂൽ കോൺ​ഗ്രസിന്റെ 440 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി

തൃണമൂൽ കോൺ​ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസിന്റെ ഭാ​ഗമായാണ് നടപടി. തൃണമൂൽ കോൺ​ഗ്രസിന്റെ പേരിലുള്ള മൂന്ന് എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്നും ഈ അക്കൗണ്ടുകളിലായി 440.42 കോടി രൂപയാണുള്ളതെന്നും ഇഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി ഫണ്ടുകളിലൂടെ വൻ തോതിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ഇതിലാണ് അന്വേഷണം നടത്തുന്നതെന്നും ഇഡി അറിയിച്ചു. അതേസമയം, സംഭവത്തിൽ മമത ഉൾപ്പെടെയുള്ള തൃണമൂൽ കോൺ​ഗ്രസ് നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ തൃണമൂലിന്റെ അക്കൗണ്ടുകളിൽനിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കെയർവെല്ലുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയുടെ അക്കൗണ്ടിലേക്കും സമാനരീതിയിൽ പണം കൈമാറിയിട്ടുണ്ട്.

ഈ പണം ഉപയോ​ഗിച്ച് കെയർവെൽ ഏവിയേഷൻ എംബ്രയർ ലെ​ഗസി 600 ബിസിനസ് ജെറ്റും അ​ഗസ്ത 109 എസ്പി ഹെലികോപ്റ്ററും വാങ്ങി. ഏകദേശം 112 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. അ​ഗസ്ത ഹെലികോപ്റ്റർ വാങ്ങാൻ വിദേശഫണ്ടും ഉപയോ​ഗിച്ചിരുന്നു. എന്നാൽ കെയർവെൽ ഏവിയേഷന് കിട്ടിയ പണത്തിൽ ഭൂരിഭാ​ഗവും തൃണമൂൽ അക്കൗണ്ടുകളിൽനിന്നാണെന്നും ഇഡി പറയുന്നു. ഈ ഹെലികോപ്റ്ററും മറ്റും പിന്നീട് തൃണമൂലിന് വാടകയ്ക്ക് നൽകിയെന്നും ഇതിന്റെ വാടകയായി വീണ്ടും വലിയ തുക തൃണമൂൽ അക്കൗണ്ടിൽനിന്ന് കെയർവെല്ലിന്റെ അക്കൗണ്ടിലെത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളെല്ലാം സംശയാസ്പദമാണെന്നാണ് ഇഡി പറയുന്നത്. അതിനിടെ, കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ അഞ്ചിടങ്ങളിലും ഇഡി റെയ്ഡ് നടത്തി. കെയർവെൽ ഏവിയേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് ഇഡിയുടെ പരിശോധന നടന്നത്.

Related Articles

Back to top button