യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം. സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ,ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്ന് എൻടിഎ വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. കേന്ദ്രം വിദ്യാർഥികളുടെ അധ്വാനത്തിന് വില കൽപ്പിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ജൂൺ 30ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്നാണ് വിദ്യാർഥികളുടെ ഭാഗത്ത് നിന്നുള്ള ആരോപണം. പരീക്ഷയ്ക്ക് മുൻപ് സോഷ്യൽമീഡിയയിൽ പ്രചരിച്ച പിഡിഎഫിലെ 90 ചോദ്യങ്ങൾ പരീക്ഷയിൽ ആവർത്തിച്ചെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു.

ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് രൂപയ്ക്ക് ചോദ്യപേപ്പറുകൾ വിറ്റുപോയതായും ആരോപണങ്ങളുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നുവന്നത് വിദ്യാർഥികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പരീക്ഷയിൽ ചോദ്യങ്ങളിലെ തെറ്റുകൾ, പ്രമുഖ സോഷ്യോളജി ചിന്തകരുടെ പേരുകളിലെ തെറ്റുകൾ എന്നിവ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഉയർന്നുവന്ന ആരോപണങ്ങളെ എൻടിഎ ഔദ്യോഗികമായി നിഷേധിച്ചു. പരീക്ഷ കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷമാണ് പിഡിഎഫുകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതെന്നും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നുമാണ് എൻടിഎയുടെ വാദം. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മോദി വിദ്യാർഥികളുടെ അധ്വാനത്തിന് വിലകൽപ്പിക്കുന്നില്ലെന്നും പരീക്ഷാ നടപടികളിൽ സുതാര്യതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Back to top button