കനത്ത മഴ; ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുകയും റെഡ് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ഖനന പ്രവർത്തനങ്ങൾക്കും മണ്ണെടുപ്പിനും മണലെടുപ്പിനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും നിരോധിച്ചു.
ദുരന്ത സാധ്യതകൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണം, മണലെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് വിലക്ക്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായി നാല് ദിവസം ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷൻ 26, 30 പ്രകാരമാണ് നടപടി.



