‘അമ്മ’യിൽ രഹസ്യവിവര ചോർച്ച; സരയൂ മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി മായ വിശ്വനാഥ്

‘അമ്മ’ സംഘടനയ്ക്കുള്ളിൽ ഗുരുതര ആരോപണങ്ങളുമായി നടി മായ വിശ്വനാഥ് രംഗത്തെത്തി. സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ “സൈലന്റ് കില്ലർ പോയ്സൺ” സരയൂ മോഹനാണെന്നാണ് മായയുടെ വിമർശനം. സംഘടനയുടെ നേതൃത്വത്തിൽ മുൻപ് ആരംഭിച്ച ‘കുടുംബസംഗമം’ പരിപാടിയുമായി ബന്ധപ്പെട്ട് സരയൂ മോഹന്റെ ഭർത്താവ് രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണം സംഘടനയ്ക്കുള്ളിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നുവെന്നും അവർ പറഞ്ഞു. ‘അമ്മ’യുടെ ഔദ്യോഗിക ഇമെയിലുകളും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളിൽ കൈക്കൊള്ളുന്ന അതീവ രഹസ്യ തീരുമാനങ്ങളും നിരന്തരം ഓൺലൈൻ മാധ്യമങ്ങളിലേക്ക് ചോർന്നുപോകുന്ന സാഹചര്യമുണ്ടെന്നും മായ വിശ്വനാഥ് ആരോപിച്ചു.
അതേസമയം, ജനപ്രതിനിധിയായ രമേശ് പിഷാരടിയെ ശ്വേതാ മേനോൻ ‘പിഷു’ എന്ന് അഭിസംബോധന ചെയ്തത് പ്രോട്ടോക്കോൾ ലംഘനമാണെന്നും അത് അംഗീകരിക്കാനാകാത്ത രീതിയാണെന്നും മായ അഭിപ്രായപ്പെട്ടു. സുഹൃത്തുക്കൾ തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിന് പിന്നിൽ മോശം ഉദ്ദേശ്യമാണുള്ളതെന്നും അവർ കുറ്റപ്പെടുത്തി.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിന്മാറിയ സംഭവത്തിലും ശ്വേതാ മേനോൻ അനാവശ്യ അജണ്ടകൾ നടപ്പാക്കിയിട്ടുണ്ടാകാമെന്ന സംശയവും മായ പ്രകടിപ്പിച്ചു. നിലവിലെ പ്രതിസന്ധികൾ മറികടക്കാൻ ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ യുവതലമുറ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കേണ്ട സമയമായെന്നാണ് അവരുടെ നിലപാട്. ‘സീ മലയാളം’ ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് മായ വിശ്വനാഥ് ഈ ആരോപണങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചത്.




