നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര്

നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കെ കരുണാകരൻ്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം. രാജ്യത്തെ എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയതിൽ നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും വി എം സുധീരൻ പറഞ്ഞു. കെ കരുണാകരൻ്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ചു തൃശൂരിലെ മുരളീമന്ദിരത്തിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി എം സുധീരൻ.

കെ കരുണാകരൻ്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം. ജനപങ്കാളിത്തത്തോടെ നെടുമ്പാശേരി വിമാനത്താവളം യാഥാർത്ഥ്യമാക്കി സർക്കാരിനു കീഴിൽ കൊണ്ടുവന്നത് ഇന്ത്യ കണ്ട വികസനരംഗത്തെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു. നെടുമ്പാശേരിയെ സംബന്ധിച്ചിടത്തോളം കരുണാകരൻ ഫോർമുല വിജയകരമായി പ്രാവർത്തികമാക്കാൻ സാധിച്ചു. ഇന്ന് എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയത് അഭിമാനകരമാണ്. അതിന് നന്ദി പറയേണ്ടത് ലീഡർ കരുണാകരനോടാണെന്ന് വി എം സുധീരൻ പറഞ്ഞു.

കെ കരുണാകരൻ്റെ പേര് നെടുമ്പാശേരി വിമാനത്താവളത്തിന് നൽകുക എന്നുള്ളത് ന്യായമായ ആവശ്യമാണ്. പല സർക്കാരുകൾ വന്നിട്ടുണ്ടെങ്കിലും അത് യാഥാർത്ഥ്യമായിട്ടില്ല. ഇനിയെങ്കിലും നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരൻ്റെ പേര് നൽകാൻ സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും വി എം സുധീരൻ പറഞ്ഞു.

കെ കരുണാകരനുമായി നയപരമായ പല വിഷയങ്ങളിലും വിയോജിപ്പ് ഉണ്ടായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് വി എം സുധീരൻ പറഞ്ഞു. എന്നാൽ വിയോജിപ്പുകൾക്കിടയിലും വ്യക്തിപരമായ സ്നേഹബന്ധം തുടർന്നുവന്നു. ഗ്രൂപ്പുകൾക്കിടയിലും പാർട്ടിയുടെ പൊതുകാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ലീഡറും ആൻ്റണിയും പ്രത്യേകം ശ്രദ്ധിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ ഒരുതരത്തിലുള്ള വിയോജിപ്പുകൾക്കും തർക്കങ്ങൾക്കും അവസരം നൽതാതെ സാമൂഹ്യ സന്തുലിതാവസ്ഥ അക്കാലത്ത് പാലിക്കപ്പെട്ടിരുന്നുവെന്നും വി എം സുധീരൻ പറഞ്ഞു.

കെ കരുണാകരനൊപ്പം നിയമസഭയിലും പാർലമെൻ്റിലും പ്രവർത്തിക്കാൻ തനിക്ക് അവസരം ലഭിച്ചു. ദേശീയ രാഷ്ട്രീയത്തിലും കെ കരുണാകരൻ്റെ പേര് സുവർണ ലിപികളിൽ സ്മരിക്കപ്പെട്ടു. കോൺഗ്രസിൽനിന്ന് അകന്നു ഡിഐസി രൂപീകരിച്ച കെ കരുണാകരനെ കോൺഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് മറ്റ് നേതാക്കൾക്കൊപ്പം തനിക്കും ശ്രമം നടത്താൻ സാധിച്ചത് സംതൃപ്തി നൽകുന്ന കാര്യമാണ്. കെ കരുണാകരൻ ഉൾപ്പെടെ ഉള്ള നേതാക്കൾ ഇന്ന് പൊതുരംഗത്ത് ഇല്ലാത്തത് നഷ്ടമാണെന്നും വി എം സുധീരൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button