‘എന്റെ കൈയിൽ നിന്നൊക്കെ പറന്നുപോയി, ജനം ഏറ്റെടുത്തു’… ‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയമെന്ന് ആഭ്യന്തര മന്ത്രി

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദൗത്യത്തിലൂടെ ഇതിനകം ഏകദേശം 30 കോടി രൂപയുടെ മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്. അന്താരാഷ്ട്ര ലഹരി മാഫിയകൾക്ക് മുന്നിൽ പ്രതിരോധം തീർക്കാൻ താൻ എപ്പോഴും മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയ ബോധവൽക്കരണ ക്യാംപെയിനായ ‘തൂഫാൻ ജാഗരൺ’ ഇന്ന് പെരുമ്പാവൂരിൽ ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.
പെരുമ്പാവൂരിലെ മയക്കുമരുന്നിന്റെ ബാഹുല്യം കണ്ട് താൻ ഞെട്ടിപ്പോയെന്ന് മന്ത്രി പറഞ്ഞു. അവിടം ക്ലീൻ ആക്കാൻ ശക്തമായ ബോധവൽക്കരണം ആവശ്യമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പൊലീസ് തൂക്കിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളമൊട്ടാകെ ഓപ്പറേഷൻ തൂഫാൻ ആഞ്ഞടിക്കുകയാണെന്ന് വിശദീകരിച്ച മന്ത്രി, പദ്ധതിയുടെ വിജയം ജനങ്ങളുടെ പങ്കാളിത്തമാണെന്ന് കൂട്ടിച്ചേർത്തു. “ഏകദേശം 30 കോടി രൂപയുടെ മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്. എന്റെ കൈയിൽ നിന്നൊക്കെ ഇത് പറന്നുപോയി, ജനം ഇത് ഏറ്റെടുത്തിരിക്കുകയാണ്. ജനങ്ങളാണ് ഇതിലെ വാരിയേഴ്സ്, അതാണ് ഈ പദ്ധതിയുടെ വിജയം,” രമേശ് ചെന്നിത്തല പറഞ്ഞു. താൻ ഈ പോരാട്ടത്തെ തികച്ചും വൈകാരികമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാനുമൊരു അച്ഛനാണ്. നമ്മുടെ കുഞ്ഞുങ്ങൾ അനാഥമാകരുത്, അവർ മിടുക്കരായി വളരണം. ഇത് ചെയ്യാൻ സാധിച്ചില്ലെങ്കിൽ വരും തലമുറകളോട് ചെയ്യുന്ന തെറ്റായിരിക്കും. എംഡിഎംഎ ഉണ്ടാക്കുന്ന ലാബുകൾ വരെ കേരളത്തിലുണ്ടെന്നാണ് പറയുന്നത്. ഇതെല്ലാം അവസാനിപ്പിച്ചേ മതിയാകൂ. ഇല്ലെങ്കിൽ പൊലീസ് നിങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. കുറ്റകൃത്യം ചെയ്യുന്നവരെ കയ്യാമം വെക്കാൻ പൊലീസ് വരും,” മന്ത്രി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. കേരളത്തിൽ ലഹരിയുടെ വേരറുക്കുമെന്നുറപ്പിച്ച മന്ത്രി, ലഹരിക്ക് അടിമപ്പെട്ടവർക്ക് തിരികെ ജീവിതത്തിലേക്ക് വരാൻ ചികിത്സ നൽകാൻ ആശുപത്രികൾ തയ്യാറാണെന്നും വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഭായ് കോളനിയിൽ പോയി അതിഥി തൊഴിലാളികളെ നേരിട്ട് കണ്ട് സംസാരിക്കുമെന്നും പെരുമ്പാവൂരിനെ പഴയ പെരുമ്പാവൂരാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി കോൺസ്റ്റബിൾ മുതൽ ഡിജിപി വരെയുള്ള കേരളത്തിലെ എല്ലാ പൊലീസുകാരും എടുത്ത എഫർട്ട് ചെറുതല്ലെന്നും മന്ത്രി അഭിനന്ദിച്ചു.



