വീര്യം കുറഞ്ഞ മദ്യത്തോട് ലീഗിന് വിയോജിപ്പ്, എങ്കിലും മന്ത്രിസഭാ തീരുമാനം അംഗീകരിക്കും…. മന്ത്രി കെ. എം. ഷാജി

സംസ്ഥാനത്ത് വലിയ ചർച്ചയായ വീര്യം കുറഞ്ഞ മദ്യ വിവാദത്തിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി. വീര്യം കുറഞ്ഞ മദ്യത്തെ മുസ്ലിം ലീഗ് പിന്തുണച്ചിട്ടില്ലെന്നും പാർട്ടിക്ക് ഇതിൽ കൃത്യമായ വിയോജിപ്പുകൾ ഉണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗിന്റെ എപ്പോഴത്തെയും നിലപാട്. എന്നാൽ, ഒരു ജനാധിപത്യ സർക്കാരിന്റെ ഭാഗമെന്ന നിലയിൽ മന്ത്രിസഭയുടെ കൂട്ടായ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചുകയറിയത്. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളുടെ പേരിൽ മാത്രം സർക്കാരിന്റെ പൊതു തീരുമാനം റദ്ദ് ചെയ്യാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെ സ്മാർട്ട്‌ മികച്ചൊരു മോഡൽ ആയിരുന്നുവെന്നും അത് കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ മാരക രോഗങ്ങൾക്ക് പ്രധാന കാരണം മാലിന്യജലം പുറന്തള്ളുന്നതാണ്. ഇതിനെതിരെ കർശന നടപടിയുണ്ടാകും. നഗര കേന്ദ്രീകൃതമായ വലിയ പഞ്ചായത്തുകളെ നഗരസഭ/മുൻസിപ്പാലിറ്റി കോർപ്പറേഷൻ എന്ന രീതിയിലേക്ക് മാറ്റുന്നതിനുള്ള ആലോചനകൾ നടക്കുകയാണ്. ജന പങ്കാളിത്തം ഉറപ്പാക്കാൻ ഗ്രാമസഭകൾ ഓൺലൈൻ ആയി ചേരുന്ന രീതിയിലേക്ക് മാറ്റും. തൊഴിലുറപ്പ് പദ്ധതി ഇല്ലാതെയായതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് അധിക ബാധ്യത വരുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കും. വീട്ടിൽ വളർത്തുന്ന നായകൾക്ക് ലൈസൻസും വന്ധ്യംകരണവും നിർബന്ധമാക്കുന്ന കാര്യങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണ്. തെരുവ് നായകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ട നടപടികൾക്കൊപ്പം, അപകടകാരികളായ നായകളുടെ ദയാവധത്തിനായുള്ള പ്രത്യേക പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിച്ചതിനെ മന്ത്രി കെ. എം. ഷാജി പൂർണ്ണമായി അനുകൂലിച്ചു. ഒരാളെ വെറുതെ സംഘിയാക്കുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം, വർഗീയവാദിയാണെന്ന് തോന്നിക്കുന്ന ഒരു പരാമർശം പോലും ശേഷാദ്രിനാഥന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഓർമ്മിപ്പിച്ചു. കേന്ദ്ര ഏജൻസികളെക്കുറിച്ചുള്ള ചോദ്യത്തിന്, തന്റെ വീട്ടിൽ തന്നെ രണ്ടുതവണ ഇഡി റെയ്ഡ് നടന്നിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്തെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. ഇതിനായി സംസ്ഥാന വ്യാപകമായി ശക്തമായ ക്യാമ്പയിൻ നടത്തും. ഒന്നാം ഘട്ടത്തിൽ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തുകയും, രണ്ടാം ഘട്ടത്തിൽ അവയ്ക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി കെ. എം. ഷാജി വ്യക്തമാക്കി.

Related Articles

Back to top button