ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിനായി പണപ്പിരിവ്…. തട്ടിപ്പിൽ….

കൊല്ലം: ജീവിച്ചിരിക്കുന്ന വ്യക്തി മരണപ്പെട്ടു എന്ന് വ്യാജമായി പ്രചരിപ്പിച്ച് മരണാനന്തര ചടങ്ങുകൾക്കായി പണപ്പിരിവ് നടത്തിയതായി പരാതി. തട്ടിപ്പിൽ കൊല്ലം ഇരവിപുരം കയ്യാലക്കൽ സ്വദേശി സജീവ്, ഭാര്യ സമിത എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ ഇരവിപുരം സ്വദേശി നിസാം, ഇയാളുടെ രണ്ട് സുഹൃത്തുക്കൾ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പരാതിക്കാരനായ സജീവ് മരണപ്പെട്ടു എന്ന് വിശ്വസിപ്പിച്ചാണ് നിസാമിന്റെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തിയത്. നിസാമിന്റെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി ഏകദേശം 19,000 രൂപയോളം ഇത്തരത്തിൽ തട്ടിയെടുത്തെന്ന് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താൻ ജീവിച്ചിരിക്കെ തന്റെ പേരിൽ മരണാനന്തര ചടങ്ങുകൾക്കായി പണം പിരിച്ച് വഞ്ചിച്ചെന്ന് കാട്ടിയാണ് സജീവും കുടുംബവും പോലീസിനെ സമീപിച്ചത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ (BNS) 318 (2), 318 (4) തുടങ്ങിയ വഞ്ചനാക്കുറ്റങ്ങൾ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകളാണ് പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത നിസാമിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്ത ശേഷം നിലവിൽ പോലീസ് നോട്ടീസ് നൽകി വിട്ടയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും സാമ്പത്തിക ഇടപാടുകൾ എത്രത്തോളം നടന്നിട്ടുണ്ടെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.



