നടി അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കുരുക്ക് മുറുക്കുന്നു….

കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടൻ ടിനി ടോമിനെതിരെ ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കടവന്ത്ര പോലീസ് കേസെടുത്തു. ലൈംഗിക ചുവയോടെയുള്ള സംഭാഷണം, മതവികാരം വ്രണപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൻസിബയെ ജിഹാദി എന്നും മതതീവ്രവാദി എന്നും ടിനി ടോം പ്രചരിപ്പിച്ചതായി എഫ്‌ഐആറിലുണ്ട്. ‘അമ്മ’ സംഘടനയുടെ കുടുംബ സംഗമത്തിന്റെ റിഹേഴ്സലിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം.

ടിനി ടോം തനിക്കെതിരെ അശ്ലീലവും അധിക്ഷേപകരവും ലൈംഗികവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. ടിനി ടോമിനെതിരെ കേസെടുക്കാന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയതിനെ തുടർന്നാണ് പോലീസ് നടപടി. ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെയുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തി തെന്നയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. കടുത്ത മാനസിക പീഡനത്തിന് ഇരയായതായും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് നടി പരാതി നൽകിയത്.

അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്‍സിബ ഹസന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. തന്റെ പരാതിയില്‍ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടിയാണ് താരം ഹര്‍ജി നല്‍കിയിരിക്കുന്നത്. ലക്ഷ്മിപ്രിയ, സുകുമാരന്‍, സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എന്നിവര്‍ക്കെതിരെയാണ് കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. ഈ വിഷയത്തില്‍ നടി ശ്വേത മേനോന്റെ പങ്ക് കൂടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി നേരത്തെ ജില്ലാ പൊലീസ് മേധാവിക്കും അന്‍സിബ പരാതി നല്‍കിയിരുന്നു. ലക്ഷ്മിപ്രിയക്കും യൂട്യൂബ് ചാനലിനുമെതിരെ പരാതി നല്‍കിയ ശേഷം പാലാരിവട്ടം എസ്എച്ച്ഒയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അന്‍സിബ പറഞ്ഞു. തനിക്കെതിരായ തെറ്റായ ഉള്ളടക്കങ്ങൾ കൂടുതൽ പ്രചരിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വീഡിയോകൾ പ്രചരിക്കുന്നത് തന്റെ പ്രശസ്തിക്കും അന്തസ്സിനും കോട്ടം വരുത്തുന്നതായി ചൂണ്ടിക്കാണിച്ചിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ എസ്എച്ച്ഒ തയ്യാറായില്ല. യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്താനുള്ള അവസരമാണ് എസ്എച്ച്ഒ ഒരുക്കി നൽകുന്നതെന്നും, പോലീസിന്റെ ഈ നിലപാട് തന്നെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്നും അൻസിബ വ്യക്തമാക്കുന്നു.

Related Articles

Back to top button