‘ജീവൻ പണയം വെച്ചാണ് രോഗിയെ എത്തിച്ചത്, എന്നിട്ടും…’ ആംബുലൻസിൽ കിടന്ന് നരകിച്ച് ഗർഭിണി… പാലക്കാട് വീണ്ടും മെഡിക്കൽ അനാസ്ഥ

പാലക്കാട്: പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രോഗിയോട് ഗുരുതര അനാസ്ഥ കാണിച്ചതായി പരാതി. പ്രസവവേദനയെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച പൂർണ്ണഗർഭിണിയായ യുവതിയെ അകത്തേക്ക് കൊണ്ടുപോകാൻ വീൽചെയറോ സ്ട്രെച്ചറോ നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് ആക്ഷേപം. ഇന്നലെയാണ് മനുഷ്യത്വരഹിതമായ ഈ സംഭവം അരങ്ങേറിയത്. മുതലമട കാമ്പ്രത്ത് ചള്ളയിൽ നിന്നുള്ള കുടുംബത്തിനാണ് ആശുപത്രി അധികൃതരിൽ നിന്നും ഈ ദുരനുഭവമുണ്ടായത്.
കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനെ തുടർന്ന് ആരോഗ്യനില മോശമായ യുവതിയെ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. വളരെ ഗുരുതരമായ അനാസ്ഥയാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഗോപി കുറ്റപ്പെടുത്തി. ജീവൻ പണയം വെച്ചാണ് ഓരോ രോഗിയെയും സമയത്തിന് ആശുപത്രിയിൽ എത്തിക്കുന്നത്. എന്നിട്ടും വേണ്ട ചികിത്സ കൃത്യസമയത്ത് നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇത്തരം സംഭവങ്ങൾ ആദ്യമായല്ല ഉണ്ടാകുന്നതെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു. അത്യാഹിത വിഭാഗത്തിന് മുന്നിൽ ഏറെ നേരം ആംബുലൻസിൽ തന്നെ കിടക്കേണ്ടി വന്നതാണ് ഗർഭിണിയുടെ ആരോഗ്യനില വഷളാക്കിയത്. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.



