വിഴിഞ്ഞത്തുനിന്ന് കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി…

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും കോസ്റ്റൽ പൊലീസ് നടത്തിയ സജീവമായ തിരച്ചിലിൽ കണ്ടെത്തി. വിഴിഞ്ഞം സ്വദേശികളായ സനു, റോബിന്‍സണ്‍, ബാബു എന്നിവരെയാണ് സുരക്ഷിതരായി കണ്ടെത്തിയത്. നടുക്കടലില്‍ വള്ളം മറിഞ്ഞ് അപകടാവസ്ഥയില്‍ കിടക്കുകയായിരുന്നു മൂന്ന് പേരും. വലിയ അപകടത്തിലാണ് പെട്ടതെങ്കിലും ഇവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളികളെ ഉച്ചയോടെ സുരക്ഷിതമായി തീരത്ത് എത്തിക്കും.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ മൂന്നുപേരും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്. തിങ്കളാഴ്ചയോടെ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ശക്തമായ തിരയെ തുടര്‍ന്ന് വള്ളം മറിയുകയും ഇവർ അപകടത്തിൽപ്പെടുകയുമായിരുന്നു. തിങ്കളാഴ്ചയും ഇവർ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വൻതോതിലുള്ള അന്വേഷണം ആരംഭിച്ചത്. ആദ്യം സുഹൃത്തുക്കളും മറ്റ് തൊഴിലാളികളുമാണ് കടലിൽ തിരച്ചില്‍ ആരംഭിച്ചത്. പിന്നീട് ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും സംയുക്തമായി തിരച്ചിൽ ഏറ്റെടുക്കുകയായിരുന്നു. കടലിന്റെ ഒഴുക്ക് തെക്കോട്ട് ആയിരുന്നതിനാൽ കന്യാകുമാരി, കുളച്ചല്‍ ഭാഗങ്ങളിലേക്കാണ് പ്രധാനമായും തിരച്ചില്‍ നടത്തിയത്. ഇതിനായി വാടകയ്ക്ക് എടുത്ത പ്രത്യേക തിരച്ചില്‍ ബോട്ടുകളിലൊന്നായ ‘ആഴിമലശിവന്‍’ ഉച്ചവരെയും, അതിനുശേഷം ‘കേദാര്‍നാഥ്’ എന്ന ബോട്ട് രാത്രി വൈകിയും കടലിൽ തെരച്ചിൽ തുടരുകയായിരുന്നു. ഈ സജീവമായ ഇടപെടലുകൾക്കൊടുവിലാണ് മൂന്ന് തൊഴിലാളികളെയും കോസ്റ്റൽ പൊലീസിന് കണ്ടെത്താനായത്. തൊഴിലാളികളെ സുരക്ഷിതമായി കണ്ടെത്തിയെന്ന വാർത്ത വിഴിഞ്ഞം തീരത്തിന് വലിയ ആശ്വാസമാണ് പകരുന്നത്. ഇവർ തീരത്ത് എത്തുന്നതോടെ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button