പത്തനംതിട്ട ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം…. പെൺസുഹൃത്തിന്റെ ബന്ധുക്കളായ……

പത്തനംതിട്ട: ചിറ്റാർ ഉന്നതിയിൽ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിച്ച സന്ദീപിന്റെ പെൺസുഹൃത്തിന്റെ ബന്ധുക്കളായ മൂന്ന് പേരെ ചിറ്റാർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവർ നായാട്ട് സംഘത്തിൽപ്പെട്ടവരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ പക്കൽ നിന്നും ഒരു നാടൻ തോക്കും പോലീസ് കണ്ടെടുത്തു. തോക്ക് കണ്ടെടുത്ത സാഹചര്യത്തിൽ കസ്റ്റഡിയിലുള്ള പ്രതികൾക്കെതിരെ ആംസ് ആക്ട് പ്രകാരം ചിറ്റാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മകൻ സന്ദീപിന്റേത് കൊലപാതകമാണെന്ന ശക്തമായ സംശയവുമായി പിതാവ് സദാനന്ദൻ രംഗത്തെത്തിയിട്ടുണ്ട്. മകൻ കുഴിയിൽ അവശനിലയിൽ കിടക്കുന്ന വിവരം പ്രദേശവാസികളാണ് തന്നെ അറിയിച്ചതെന്നും സംഭവസ്ഥലത്ത് എത്തുമ്പോൾ വെള്ളം പോലും കൊടുക്കാൻ പറ്റാത്ത അത്രയും ഗുരുതരാവസ്ഥയിലായിരുന്നു സന്ദീപെന്നും പിതാവ് പറഞ്ഞു. സന്ദീപിന്റെ നെറ്റിയിലും നെഞ്ചിന് സമീപവും ക്രൂരമായി മർദ്ദനമേറ്റതിന് സമാനമായ പാടുകൾ ഉണ്ടായിരുന്നു. കമ്പിവടി പോലുള്ള മാരകായുധം കൊണ്ട് അടിച്ചതാണോ എന്ന് സംശയമുണ്ട്. മകൻ ഒരു യുവതിയുമായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്നും ഇതിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ നേരത്തെയും സന്ദീപിനെ മർദ്ദിച്ചിട്ടുണ്ടെന്നും പിതാവ് വെളിപ്പെടുത്തി. സംഭവദിവസം മകന്റെ സമീപത്തുനിന്നും ചിലർ ഓടിപ്പോകുന്നത് പ്രദേശവാസികൾ കണ്ടതായും സദാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

അവശനിലയിൽ കണ്ടെത്തിയ യുവാവ് പിന്നീട് മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ അയൽവാസിയും സംശയം പ്രകടിപ്പിച്ചു. സന്ദീപ് ആൾത്താമസമില്ലാത്ത ഒരു വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുന്നത് കണ്ടിരുന്നതായി അയൽവാസിയായ രാജൻ പറഞ്ഞു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി മരണകാരണം പുറത്തുകൊണ്ടുവരാനുള്ള ഊർജിതമായ ശ്രമത്തിലാണ് ചിറ്റാർ പോലീസ്.

Related Articles

Back to top button