‘പ്രിയദർശിനി’ സൗജന്യ യാത്ര സ്വകാര്യ ബസുകളെ തകർക്കുന്നു… ജൂലൈ 1 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

കല്‍പ്പറ്റ: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വയനാട്ടില്‍ സ്വകാര്യ ബസുകളുടെ ഏകദിന സൂചനാ പണിമുടക്ക് ആരംഭിച്ചു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബസുടമകൾ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചു. ജൂണ്‍ ഒന്നിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ 1 മുതല്‍ ജില്ലയിൽ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കാനാണ് ബസുടമകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയിലെ 280 സ്വകാര്യ ബസുകള്‍ ഇതിനകം ‘ജി ഫോം’ നല്‍കിക്കഴിഞ്ഞു.

പ്രിയദര്‍ശിനി പദ്ധതി വന്നതോടെ ഒരു ബസിന് പ്രതിദിനം 3000 രൂപ മുതല്‍ 4000 രൂപ വരെ വരുമാനത്തില്‍ കുറവുണ്ടാകുന്നുവെന്നാണ് വയനാട്ടിലെയും കോഴിക്കോട്ടെയും ബസുടമകള്‍ പറയുന്നത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിച്ചതോടെ, അവരോടൊപ്പമുള്ള പുരുഷന്മാരും കെഎസ്ആര്‍ടിസി ബസുകളെത്തന്നെ ആശ്രയിക്കാന്‍ തുടങ്ങിയത് സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറച്ചു. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ഏഴോളം ബസ് റൂട്ടുകളില്‍ ഇപ്പോള്‍ സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ കയറുന്നതേയില്ല. ഈ റൂട്ടുകളിലെല്ലാം യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പ്രതിദിന തുക വെറും 115 രൂപ മാത്രമാണെന്നും, ഇത് തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും തികയുന്നില്ലെന്നും ബസുടമകള്‍ പരാതിപ്പെടുന്നു.

കാസര്‍കോട് ഇതിനകം തന്നെ ഇരുപതോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നൂറിലധികം സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ഉടമകളുടെ തീരുമാനം. കോഴിക്കോടിന്റെ ഉള്‍പ്രദേശങ്ങളായ കുറ്റ്യാടി, കുന്ദമംഗലം, താമരശേരി, മുക്കം, മാവൂര്‍, വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ പകുതിയോളം സര്‍വീസുകള്‍ ഇപ്പോള്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള അന്തർ ജില്ലാ സര്‍വീസുകളും വലിയ നഷ്ടം കാരണം നിര്‍ത്തേണ്ട അവസ്ഥയിലാണ്.

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കിൽ വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷന്‍ തുക ഉയര്‍ത്തുകയോ ചെയ്യണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സംഘടനകള്‍ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ഇതിനോടകം നിവേദനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ പെട്ടെന്നൊരു സംസ്ഥാനതല സമരത്തിലേക്ക് സംഘടനകള്‍ നിലവില്‍ കടന്നിട്ടില്ല. എന്നാല്‍, ജൂലൈ ഒന്നിനകം അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button