ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ രണ്ടുപേരെയും അറിയാമെന്ന് മുഖ്യമന്ത്രി

മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് രണ്ട് ലക്ഷം അധിക ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യം അറിയിച്ചു. പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിപ്രകാരം നിർമ്മിക്കുന്ന വീട്ടിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെയ്ക്കില്ലെന്നും എന്നാൽ പദ്ധതിയുടെ എംബ്ലം വെയ്ക്കണമെന്ന നിർദേശം ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള ചരക്കുനീക്കത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും 2026 ആഗസ്റ്റ് 18ന് തുടക്കം കുറിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതുവരേയും പോര്‍ട്ട് കേന്ദ്രീകരിച്ചുനടന്നത് ട്രാന്‍ഷിപ്പ്‌മെന്റ് മാത്രമാണെന്നും തുറമുഖത്തിന്റെ ഗുണഫലങ്ങള്‍ നേരിട്ട് നാടിന് ലഭിക്കുന്ന ചുവടുവെയ്പ്പാണിതെന്നും മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു.

കാസര്‍കോട് ലഹരി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരെയും തനിക്ക് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘മുഹമ്മദ് ഹുസൈനേയും അബ്ദുള്‍ സലാമിനെയും എനിക്ക് നേരിട്ട് അറിയാം. മുഹമ്മദ് ഹുസൈന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. നവകേരളസദസ്സുമായി ബന്ധപ്പെട്ട ലാത്തിചാര്‍ജില്‍ അദ്ദേഹത്തിന് ക്രൂരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ് കിടക്കുമ്പോഴാണ് ഫോണില്‍ വിളിച്ചത്. ആശ്വസിപ്പിച്ചു. ആ കൂട്ടത്തില്‍ വീട്ടിലേക്ക് വരാമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ പഞ്ചായത്തില്‍ പരിപാടിക്ക് പോയപ്പോഴാണ് എംഎല്‍എയ്ക്കും ഭാരവാഹികള്‍ക്കുമൊപ്പം വീട്ടില്‍ പോയത്. അതിന് ശേഷം മൂന്നോ നാലോ തവണ നേരില്‍ കണ്ടിട്ടുണ്ട്. അടികൊണ്ട പിള്ളേര് വരുമ്പോള്‍ ചേര്‍ത്തുനിര്‍ത്തും. അന്നൊന്നും ലഹരി സംബന്ധിച്ച കാര്യം അറിയില്ലായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് അറിഞ്ഞത്’, മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ ടീമില്‍ ഇവർ ഇല്ലെന്നും തനിക്ക് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും ഇപ്പോഴും സോഷ്യല്‍മീഡിയ ടീം ഇല്ലെന്നും വി ഡി സതീശന്‍ വിശദീകരിച്ചു.

Related Articles

Back to top button