രോഗമുക്തയായാൽ ഞാൻ സുവിശേഷകയാകും; കീമോയുടെ വേദനകൾക്കിടയിലും പ്രത്യാശ കൈവിടാതെ രേണു സുധി

കാൻസർ ചികിത്സയുടെ ഭാഗമായി തലമുടി പൂർണമായും മുറിച്ച അനുഭവം പങ്കുവെച്ച് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ റീൽ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരുടെ കണ്ണ് നനയിക്കുകയാണ്. “കാൻസർ ചികിത്സയുടെ ഭാഗമായി തലമുടി പൂർണമായും മുറിച്ചു” എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.
മൂന്നാം ഘട്ട കാൻസറിനെതിരെ ചികിത്സ തുടരുന്ന രേണു, ഡോക്ടർമാരുടെ നിർദേശപ്രകാരം അതിവേഗത്തിലാണ് ചികിത്സ മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കുന്നു. ആദ്യ കീമോതെറാപ്പിക്ക് ശേഷം കടുത്ത ക്ഷീണവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവിക്കുന്ന താരം നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.
കീമോതെറാപ്പി മൂലമുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും വീഡിയോയിൽ രേണു തുറന്നു പറയുന്നു. മുടി പശപോലെ ഒട്ടിപ്പിടിക്കുകയും വലിയ തോതിൽ കൊഴിയുകയും ചെയ്തതോടൊപ്പം തലയോട്ടിയിലെയും കഴുത്തിന് സമീപത്തെയും തൊലിയിൽ വരെ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് തലമുടി മുറിക്കാൻ തീരുമാനിച്ചതെന്ന് താരം പറയുന്നു. തലയുടെ ഒരു ഭാഗം മരവിച്ച അവസ്ഥയിലാണെന്നും ഇടയ്ക്കിടെ ഓർമ നഷ്ടപ്പെടുന്നതും ഉറക്കമില്ലായ്മയും തന്നെ അലട്ടുന്നുണ്ടെന്നും രേണു പങ്കുവെക്കുന്നു.
രോഗത്തെ അതിജീവിച്ചാൽ ഒരു സുവിശേഷകയായി പ്രവർത്തിക്കണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും രേണു വീഡിയോയിൽ പറയുന്നു. നിലവിലെ ജോലി തുടരുമെങ്കിലും, ജീവിതാനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ച് പ്രത്യാശ പകരാൻ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്ന് താരം വ്യക്തമാക്കി. “ദൈവം എന്നെ ഈ അവസ്ഥയിൽ നിന്ന് ഉയർത്തിയാൽ ഞാൻ സുവിശേഷകയാകും. ഞാൻ പ്രസംഗിക്കുന്ന വേദികൾ ഇപ്പോൾ തന്നെ മനസ്സിൽ കാണുന്നുണ്ട്. അത് സാധ്യമാകുമോ എന്നറിയില്ല, പക്ഷേ പ്രത്യാശയുണ്ട്. നിങ്ങൾ എല്ലാവരും കൂടെയുണ്ടെങ്കിൽ ഞാൻ മുന്നോട്ട് പോകും,” എന്നാണ് രേണുവിന്റെ വാക്കുകൾ.
ചികിത്സയ്ക്കിടെ മികച്ച പരിചരണം നൽകിയ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും രേണു നന്ദി അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് ഏറ്റവും വലിയ കരുത്തെന്നും പിന്തുണയുമായി ഒപ്പമുണ്ടായ എല്ലാവർക്കും നന്ദിയറിയിച്ച താരം, തന്നെ വേദനിപ്പിക്കുന്ന പ്രവൃത്തികൾ ആരും ചെയ്യരുതെന്നും അഭ്യർഥിച്ചു.
കഠിനമായ ശാരീരിക വെല്ലുവിളികൾക്കിടയിലും ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും മുന്നേറുന്ന രേണുവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. കാൻസറിനെതിരെ പോരാടുന്ന അനേകം പേർക്ക് ഈ വീഡിയോ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതാണെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നു.




