പതങ്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരി പതങ്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി. കാണാതായി രണ്ടുദിവസം പിന്നിടുമ്പോഴാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം കീഴ്ശേരി വട്ടോളി കണ്ണംകുത്ത് ഷിബിൽ റഹ്മാന്റെ (25) മൃതദേഹമാണ് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നുമെത്തിയ പന്ത്രണ്ട് പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തിന്റെ ഗൈഡായിരുന്നു ഷിബിൻ. സംഘത്തിലെ നാലുപേർ ശനിയാഴ്ച പുഴയിൽ ഒഴുക്കിൽ പെട്ട സമയം ഇവരെ രക്ഷിക്കാൻ പുഴയിലേക്ക് ഇറങ്ങിയതായിരുന്നു ഷിബിൻ.
ആനക്കാംപൊയിൽ കണ്ടപ്പൻചാൽ തൂക്കുപാലത്തിനടിയിലാണ് വിനോദ സഞ്ചാരികൾ കുളിക്കാനായി ഇറങ്ങിയത്. പുഴയിലും പരിസരത്തും തെളിഞ്ഞ കാലാവസ്ഥയും വെയിലും ആയിരുന്നെങ്കിലും വനമേഖലയിൽ മഴപെയ്തതോടെയാണ് ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായി. ഈ സമയം വിനോദയാത്രികരായ നിഖിത (24), പ്രണിൽ (22), കിഷോർ (22) എന്നിവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനായാണ് ഷിബിൽ പുഴയിൽ ചാടിയത്. എന്നാൽ ഇദ്ദേഹം ഒഴുക്കിൽപ്പെടുകയായിരുന്നു.
തുടർന്ന് പ്രദേശവാസികളും മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ വിനോദസഞ്ചാരികളെ രക്ഷിച്ചെങ്കിലും ഷിബിലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പുഴയിൽ ഒഴുക്ക് കൂടിയതിനാൽ തിരച്ചിൽ ദുസ്സഹമായിരുന്നു. കഴിഞ്ഞ രണ്ടുദിവസവും മൃതദേഹം കണ്ടെത്താനായില്ല. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ഷിബിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇത് ആദ്യമായല്ല പതങ്കയം വെള്ളച്ചാട്ട പ്രദേശത്ത് ആളുകൾ ഒഴുക്കിൽപ്പെടുന്നത്. മുൻപും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പതങ്കയത്ത് പുഴയിൽ ഇറങ്ങുന്നതിന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വിലക്കിയിട്ടുണ്ടെങ്കിലും ഈ വിലക്ക് ലംഘിച്ചാണ് പുഴയുടെ മറ്റു സ്ഥലങ്ങളിലൂടെ വിനോദസഞ്ചാരികൾ പുഴയിൽ ഇറങ്ങുന്നത്.



