രണ്ട് വർഷമായി ഒളിക്യാമറ ദൃശ്യങ്ങൾ ജീവനക്കാരന്റെ ഫോണിൽ… മാവൂർ പഞ്ചായത്ത് ഓഫീസിനെ നടുക്കിയ സംഭവം

കോഴിക്കോട്: കോഴിക്കോട് മാവൂർ പഞ്ചായത്ത് ഓഫീസിൽ വനിതാ ജീവനക്കാരുടെ ശുചിമുറി ദൃശ്യങ്ങളടക്കം പകർത്താൻ ഒളിക്യാമറ സ്ഥാപിച്ചതായി കണ്ടെത്തി. ഓഫീസിലെ താൽക്കാലിക ജീവനക്കാരനായ ടെക്‌നിക്കൽ അസിസ്റ്റന്റാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് വിവരം. കഴിഞ്ഞ രണ്ട് വർഷമായി ഓഫീസിലെ ജീവനക്കാരുടെ ദൃശ്യങ്ങൾ ഇയാളുടെ മൊബൈൽ ഫോണിലുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. പഞ്ചായത്ത് ഓഫീസിലെ വനിതാ ജീവനക്കാരാണ് കഴിഞ്ഞ ദിവസം ഒളിക്യാമറ കണ്ടെത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ ഈ ക്യാമറ ഇവിടെ നിന്നും അഴിച്ചുമാറ്റിയിട്ടുണ്ട്.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൽഡിഎഫ് ഭരണസമിതി അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഒളിക്യാമറ സ്ഥാപിച്ച താൽക്കാലിക ജീവനക്കാരനെ അടിയന്തരമായി ജോലിയിൽ നിന്നും പുറത്താക്കണമെന്നും ഇയാൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ പോലീസിൽ പരാതി നൽകി. പഞ്ചായത്ത് ഓഫീസിൽ രണ്ട് വർഷമായി ജീവനക്കാരുടെ ദൃശ്യങ്ങൾ ചോരുന്നു എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഓഫീസിന്റെ മറ്റ് ഭാഗങ്ങളിൽ ഇനിയും ഒളിക്യാമറകൾ ഉണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു. ഇതിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന് എൽഡിഎഫ് പ്രതിനിധികൾ പറഞ്ഞു. ഓഫീസിൽ കൂടുതൽ ഒളിക്യാമറകൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ വിശദമായ പരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം. സ്ത്രീകളുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന ഈ വിഷയത്തിൽ മാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




