മദ്യ വ്യാപനത്തിന് അനുകൂലമല്ല സർക്കാർ…മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കും… എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് മദ്യ വ്യാപനത്തിന് അനുകൂലമല്ലെന്നും സംസ്ഥാനത്ത് മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എക്‌സൈസ് മന്ത്രി എം. ലിജു പറഞ്ഞു. പുതിയ മദ്യനയത്തിന്റെ പ്രാഥമിക നടപടികൾ നിയമസഭാ സമ്മേളനത്തിന് ശേഷം ആരംഭിക്കുമെന്നും വിവിധ മേഖലകളിലെ ആളുകളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും നയം രൂപീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോഗ്രസീവായ മദ്യനയമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുതിയ മദ്യനയം നിലവിൽ വന്നശേഷം മാത്രമേ ഉണ്ടാകൂവെന്നും മന്ത്രി പറഞ്ഞു.

ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതുകൊണ്ട് മാത്രം വിൽപ്പനയ്ക്ക് അനുമതിയായെന്ന് കരുതാനാവില്ലെന്നും, കേരളത്തിൽ ഒരു തുള്ളി മദ്യം പോലും വിൽക്കണമെങ്കിൽ എക്‌സൈസ് കമ്മീഷണറുടെ അനുമതി അനിവാര്യമാണെന്നും മന്ത്രി വിശദീകരിച്ചു. മദ്യനയം നിലവിൽ വരുന്നതിന് മുമ്പ് ഇത്തരം അപേക്ഷകൾ വന്നാൽ എക്‌സൈസ് മന്ത്രിയെന്ന നിലയിൽ അനുമതി നിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉയർത്തിയ വിമർശനത്തോടും മന്ത്രി പ്രതികരിച്ചു. സുധീരന് തന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ‘മയങ്ങില്ല കേരളം’ എന്ന സമഗ്ര പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ബോധവൽക്കരണം, ലഹരി വർജനം, പുനരധിവാസം എന്നിവ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി. ഓപ്പറേഷൻ തണ്ടർ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 14,722 കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രി അറിയിച്ചു. ഇതിൽ 1,422 എൻഡിപിഎസ് കേസുകളും, 2,222 അബ്കാരി കേസുകളും, 15 കൊമേഴ്സ്യൽ അളവിലുള്ള ലഹരിമരുന്ന് കേസുകളും ഉൾപ്പെടുന്നു. 185.55 കിലോഗ്രാം കഞ്ചാവ്, 265 കഞ്ചാവ് ചെടികൾ, 1,175 ലിറ്റർ വ്യാജകള്ള് എന്നിവയും പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.

എക്‌സൈസ് വകുപ്പിന്റെ ആധുനികവൽക്കരണം ശക്തിപ്പെടുത്തുമെന്നും, സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോകൾ, മോഡൽ എക്‌സൈസ് ഓഫീസുകൾ, എല്ലാ താലൂക്കുകളിലും ഡി-അഡിക്ഷൻ സെന്ററുകൾ എന്നിവ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, ‘മയങ്ങില്ല കേരളം’ ജനജാഗ്രത പോർട്ടൽ ജൂലൈ 1 മുതൽ പ്രവർത്തനം ആരംഭിക്കും. ലഹരിക്കടത്തും ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് ഈ പോർട്ടൽ വഴി അധികൃതരെ അറിയിക്കാനാകും. വ്യാജകള്ളിനെതിരെ ‘ഓപ്പറേഷൻ ശുദ്ധി’ എന്ന പ്രത്യേക പരിശോധനയും സംസ്ഥാനത്ത് നടത്തുമെന്ന് മന്ത്രി അറിയിച്ചു.

Related Articles

Back to top button