യുഡിഎഫ് തീരുമാനിച്ചാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കും, വേണ്ടെങ്കിൽ വിൽക്കില്ല…. ഷിബു ബേബി ജോൺ

പത്തനംതിട്ട: പുതിയ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി മന്ത്രി ഷിബു ബേബി ജോൺ. വിഷയത്തിൽ യുഡിഎഫ് മുന്നണിക്കകത്തോ സർക്കാരിലോ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് മന്ത്രി പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉന്നയിച്ചത് ആശയപരമായ പ്രശ്നം മാത്രമാണെന്നും അതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ കൃത്യമായ മറുപടി നൽകിയതോടെ ആ വിഷയം അവസാനിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോപണങ്ങളെ ഭയന്ന് സർക്കാർ ഒന്നിനും തുനിയില്ലെന്നും വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് മുന്നണിയുടെ പൊതുതീരുമാനം അനുസരിച്ചാകും മുന്നോട്ട് പോകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽ നിന്നും ഒറ്റയടിക്ക് 120 ശതമാനമായി കുറച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഈ പ്രഖ്യാപനം എക്സൈസ് മന്ത്രി എം. ലിജുവിന്റെ അറിവോടെയല്ലെന്ന തരത്തിൽ വന്ന വാർത്തകൾ മന്ത്രി ഷിബു ബേബി ജോൺ തള്ളി. വകുപ്പ് മന്ത്രി എവിടെയും ഇതിനെതിരെ വിമർശനം ഉന്നയിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് വിൽക്കണോ വേണ്ടയോ എന്ന് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടത്. മുന്നണി തീരുമാനിച്ചാൽ വിൽക്കും. ഇനി വിൽക്കേണ്ട എന്നാണ് യുഡിഎഫിലെ പൊതു അഭിപ്രായമെങ്കിൽ വിൽക്കില്ല. അല്ലാതെ വെറുതെ ഈ വിഷയം ആർക്കെങ്കിലും വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കണം എന്നുണ്ടെങ്കിൽ പറയാം, സർക്കാരിനെ സംബന്ധിച്ച് ഈ പ്രശ്നം തീർന്നതാണ്.

നികുതി കുറച്ച നടപടിയിൽ നിന്ന് സർക്കാർ അടിയന്തിരമായി പിന്മാറണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചിരുന്നു. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപ് തന്നെ പാർട്ടി തലത്തിലും യുഡിഎഫ് തലത്തിലും ഇത് ചർച്ച ചെയ്യണമായിരുന്നു എന്ന് സുധീരൻ ഇന്നും മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചു. അതേസമയം, ഭരണപക്ഷത്തെ ഈ ഭിന്നത പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. യുഡിഎഫ് സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ അഴിമതിയുടെ ദുരൂഹതകൾ സർക്കാരിനെ വലയം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. നിയമസഭയിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ പലതും മറയ്ക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ ഇത്തരം രാഷ്ട്രീയ ആരോപണങ്ങൾക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാരെന്ന് മന്ത്രി ഷിബു ബേബി ജോണിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

Related Articles

Back to top button