‘മുഖ്യമന്ത്രി കോൺഗ്രസ് സൈബറിടങ്ങളിലെ നിലവാരത്തിലേക്ക് താഴരുത്, പറഞ്ഞത് പച്ചക്കള്ളം’… എം.ബി രാജേഷ്

പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി എം.ബി രാജേഷ്. ഈ തീരുമാനങ്ങൾക്ക് തുടക്കമിട്ടത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രസ്താവന പൂർണ്ണമായും അവാസ്തവവും പച്ചക്കള്ളവുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു നികുതി കുറയ്ക്കലിനെക്കുറിച്ച് എൽഡിഎഫ് ചിന്തിച്ചിട്ടുപോലുമില്ലെന്നും മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബാറുകളെല്ലാം പൂട്ടി എന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണെന്ന് എം.ബി രാജേഷ് ചൂണ്ടിക്കാട്ടി. അക്കാലത്ത് ബാർ കോഴ ആരോപണം ഉയർന്നപ്പോൾ ചില ലൈസൻസുകൾ റദ്ദാക്കുക മാത്രമാണ് ചെയ്തത്. ഉമ്മൻചാണ്ടി സർക്കാർ തുടക്കകാലത്ത് നിരവധി ബാറുകൾക്ക് അനുമതി നൽകിയിരുന്നു. പിന്നീട് കോഴ വിവാദം വന്നപ്പോൾ ലൈസൻസ് റദ്ദാക്കിയെങ്കിലും, പകരം യഥേഷ്ടം ബിയർ-വൈൻ ലൈസൻസുകൾ നൽകി. 813 ബിയർ വൈൻ പാർലറുകളും 306 ബെവ്കോ മദ്യവിൽപനശാലകളും അന്ന് പ്രവർത്തിച്ചിരുന്നു. വി.എം സുധീരനെ രാഷ്ട്രീയമായി തോൽപ്പിക്കാൻ വേണ്ടി മാത്രമാണ് അന്ന് ഉമ്മൻചാണ്ടി ബാർ ലൈസൻസ് റദ്ദാക്കിയത്. എന്ന് എം.ബി രാജേഷ് ആരോപിച്ചു. നിലവിൽ ക്ലാസിഫിക്കേഷൻ അനുസരിച്ച് എൽഡിഎഫ് നൽകിയതുൾപ്പെടെ 896 ബാർ ഹോട്ടലുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഉമ്മൻചാണ്ടിയുടെ മദ്യനയമാണ് ശരിയെങ്കിൽ സംസ്ഥാനത്തെ ബാറുകളെല്ലാം വീണ്ടും അടച്ചുപൂട്ടാൻ മുഖ്യമന്ത്രി തയ്യാറാണോയെന്നും വി.ഡി സതീശനെ അദ്ദേഹം വെല്ലുവിളിച്ചു.
ഇന്ത്യൻ നിർമിത വിദേശമദ്യം കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് മുൻ മന്ത്രി വ്യക്തമാക്കി. വസ്തുതകളുടെ യാതൊരു പിൻബലവുമില്ലാതെ മുഖ്യമന്ത്രി അവാസ്തവങ്ങൾ പടച്ചുവിടുകയാണ്. മുഖ്യമന്ത്രി കോൺഗ്രസ് സൈബറുകളുടെ നിലവാരത്തിലേക്ക് തരംതാഴരുതെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫിന് മദ്യം എക്കാലത്തും ഒരു കറവപ്പശുവാണെന്നും, എന്നാൽ ഇത്തവണ ബജറ്റിലൂടെയുള്ള ആ നീക്കം ജനങ്ങൾക്കിടയിൽ പൊളിഞ്ഞതിന്റെ അരിശമാണ് മുഖ്യമന്ത്രി തീർക്കുന്നതെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.



