സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മരണത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങി… ഭാര്യ ഷീബയുടെ…

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ നിർണായക സാക്ഷിയും സംവിധായകനുമായിരുന്ന ബാലചന്ദ്രകുമാറിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബാലചന്ദ്രകുമാറിന്റെ ചികിത്സാ രേഖകൾ ഷീബ പൊലീസിന് കൈമാറിയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ മരണത്തിലും ചികിത്സയിലും ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബ സുഹൃത്ത് അനന്തു സുരേഷ് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കേസിൽ അനന്തു സുരേഷിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡിജിപിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പൊലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ബാലചന്ദ്രകുമാറിന് മറ്റ് അസുഖങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ഭാര്യ ഷീബ നേരത്തെ വ്യക്തമാക്കിയിരുന്നു. കാലിലുണ്ടായ ചെറിയൊരു നീരായിരുന്നു ആദ്യത്തെ രോഗലക്ഷണം. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു വൃക്കയിൽ കല്ല് കണ്ടെത്തിയത്. ഈ കല്ല് നീക്കം ചെയ്തതിന് ശേഷമാണ് ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി പൂർണ്ണമായും മോശമായത്. തങ്ങളുടെ കൈവശം എല്ലാ ടെസ്റ്റ് റിപ്പോർട്ടുകളുമുണ്ടെന്നും, ബാലുവിന് എന്ത് സംഭവിച്ചുവെന്ന് അറിയാൻ സ്കാനിങ് റിപ്പോർട്ട് മാത്രം പരിശോധിച്ചാൽ മതിയെന്നും ഭാര്യ പറഞ്ഞിരുന്നു. ബാലചന്ദ്രകുമാറിനെ മനഃപൂർവ്വം അപകടപ്പെടുത്താൻ ചില ഡോക്ടർമാർ ഇടപെടലുകൾ നടത്തിയെന്ന് വിശ്വസിക്കാവുന്ന വിവരങ്ങൾ ലഭിച്ചതായി അനന്തുവിന്റെ പരാതിയിൽ പറയുന്നു. വൃക്കയിലെ കല്ല് നീക്കുന്നതിനായി തിരുവനന്തപുരം എസ്.ഐ.ടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. ഇവിടുത്തെ ഡോ. ശിവരാമകൃഷ്ണനെതിരെയും, പിന്നീട് ചികിത്സയിൽ കഴിഞ്ഞ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയുമാണ് പരാതിയിൽ ആരോപണങ്ങളുള്ളത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി ഓഡിയോ സംഭാഷണങ്ങളും അനുബന്ധ തെളിവുകളും പുറത്തുവിട്ടത് ബാലചന്ദ്രകുമാറായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഒരു വിഐപി വഴി ദിലീപിന്റെ കൈവശം എത്തിച്ചേർന്നുവെന്നും, ദിലീപ് അത് വീട്ടിലിരുന്ന് കണ്ടുവെന്നുമുള്ള നിർണായക വെളിപ്പെടുത്തൽ നടത്തിയത് ഇദ്ദേഹമാണ്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധവും, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന വിവരവും ബാലചന്ദ്രകുമാറാണ് പുറത്തുകൊണ്ടുവന്നത്. കോടതിയിൽ ദിലീപിനെതിരെ രഹസ്യമൊഴി നൽകിയ അദ്ദേഹം, കടുത്ത അസുഖബാധിതനായിരിക്കെയും ആരോഗ്യസ്ഥിതി വകവെക്കാതെ വിചാരണയിൽ പങ്കെടുത്തിരുന്നു. 2024 ഡിസംബർ 13-നായിരുന്നു ബാലചന്ദ്രകുമാർ അന്തരിച്ചത്.

Related Articles

Back to top button