കുടിപ്പകയിൽ കൊലപ്പെടുത്തി… രക്തം പുരണ്ട വസ്ത്രങ്ങളും ആയുധങ്ങളും നിർണായക തെളിവായി

തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശി വിഷ്ണുവിന്റെ കൊലപാതകത്തിന് പിന്നിൽ കുടിപ്പകയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൽ ഒൻപതാം പ്രതിയായിരുന്ന ഡിനി ബാബുവിന്റെ സഹോദരൻ സുനിൽ ബാബു 2015ൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളുമായി വിഷ്ണുവിന്റെ ബന്ധുവിനുണ്ടായിരുന്ന സൗഹൃദമാണ് പിന്നീട് വൈരാഗ്യത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം.

മാതാപിതാക്കൾക്കൊപ്പം വീടിന് സമീപം നിൽക്കവേയാണ് വിഷ്ണു ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയെങ്കിലും പിന്തുടർന്നെത്തിയ സംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ 48 സാക്ഷികളെ വിസ്തരിച്ചു. 144 രേഖകളും 34 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ആക്രമികളിൽ നിന്ന് വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരുക്കേറ്റ അമ്മ ബിന്ദുവിന്റെയും ബന്ധു ലൈലയുടെയും മൊഴി ഇവർ ആശുപത്രിയിൽ കഴിയവേ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തെക്കുറിച്ച് ഇരുവരും വ്യക്തമായ വിവരങ്ങൾ നൽകിയതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികളുടെ വസ്ത്രങ്ങളിലും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളിലും രക്തസാന്നിധ്യം കണ്ടെത്തിയത് ഫൊറൻസിക് പരിശോധനയിൽ നിർണായകമായി. പ്രതികളുടെ വസ്ത്രങ്ങളിൽ വിഷ്ണുവിന്റെയും പരുക്കേറ്റ ബിന്ദുവിന്റെയും ലൈലയുടെയും രക്തം ഡിഎൻഎ പരിശോധനയിലും കണ്ടെത്തി.

വെട്ടുകത്തിയും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. വിഷ്ണുവിന്റെ ശരീരത്തിൽ 34 മുറിവുകളുണ്ടായിരുന്നുവെന്നും ഇവയിൽ പലതും കത്തി ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിൽ നിർണായക തെളിവായി. വെട്ടുകത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതര പരുക്കുകളേറ്റതായി ഡോക്ടറും സ്ഥിരീകരിച്ചു. അതേസമയം, വിഷ്ണുവിന്റെ ബന്ധുവായ സജിത മൊഴിമാറ്റിയതിനെ തുടർന്നാണ് ഡിനി ബാബുവിനെയും ജയനെയും വിട്ടയച്ചതെന്ന് വിധിക്ക് പിന്നാലെ പ്രോസിക്യൂഷൻ പ്രതികരിച്ചു. പ്രതികൾക്കെതിരെ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടെന്നാണ് വിവരം. ഒന്നാം പ്രതിയായ അരുണിനെതിരെ 19 കേസുകളും ഡിനി ബാബുവിനെതിരെ 14 കേസുകളുമുണ്ട്.

Related Articles

Back to top button