നാട്ടിൽ പകർച്ചവ്യാധി പടരുമ്പോൾ ഉദ്യോഗസ്ഥർക്ക് ‘അച്ചടക്ക ക്ലാസ്’….. ഡിഎച്ച്എസിന്റെ നിർദ്ദേശത്തിൽ ആരോഗ്യവകുപ്പിൽ….

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്നതിനിടെ, ജില്ലാ മെഡിക്കൽ ഓഫീസർമാർ (ഡിഎംഒ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരോട് അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശിച്ച ഡിഎച്ച്എസിന്റെ ചുമതലയുള്ള ഡോക്ടർ വി. മീനാക്ഷിയുടെ നടപടിക്കെതിരെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തി. വകുപ്പിലെ അച്ചടക്ക നടപടികളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കാനാണ് ജില്ലാ മെഡിക്കൽ ഓഫീസർമാരും ഡെപ്യൂട്ടി ഡിഎംഒമാരും തലസ്ഥാനത്ത് എത്തണമെന്ന നിർദ്ദേശം.
മഴക്കാല പകർച്ചവ്യാധികൾക്കെതിരെ താഴേത്തട്ടിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട നിർണായക ഘട്ടത്തിലാണ് ഉദ്യോഗസ്ഥരെ ഇത്തരമൊരു ക്ലാസിനായി വിളിച്ചുവരുത്തുന്നത്. ഉദ്യോഗസ്ഥർ ഒരേസമയം ജില്ലകളിൽ നിന്ന് വിട്ടുനിന്നാൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തെ അത് ബാധിക്കുമെന്നും വലിയ വീഴ്ചകൾക്ക് കാരണമാകുമെന്നുമാണ് ഉയരുന്ന പ്രധാന വിമർശനം. അതിനിടെ, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ഡിഎച്ച്എസ് കസേരയെച്ചൊല്ലിയുള്ള തർക്കം കൂടുതൽ സങ്കീർണ്ണമാകുകയാണ്. സ്ഥലംമാറ്റം ലഭിച്ച വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയ്ക്ക് അനുകൂലമായ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
കോടതി വിധി വരാനിരിക്കെ ഡോ. കെ.ജെ. റീന ഇന്നും അവധിയിൽ പ്രവേശിച്ചു. അതിനിടെ, ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡോ. റീനയുടെ പേര് നീക്കം ചെയ്തതും വകുപ്പിനുള്ളിലെ നാടകീയ നീക്കങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഓഫീസിൽ എത്തിയെങ്കിലും ഇന്നലെയും ഇന്നുമായി ഡോ. റീന അവധിയിലാണ്. ഒരു വശത്ത് പകർച്ചവ്യാധി പ്രതിരോധത്തിലെ ഏകോപനമില്ലായ്മയും മറുവശത്ത് തലപ്പത്തെ കസേരക്കളിയും കൂടിയാകുമ്പോൾ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം പൂർണ്ണമായും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.



