പിഎംശ്രീയില്‍ തലകീഴായി മറിഞ്ഞിട്ടില്ല….കെ എം ഷാജി

ഉപസമിതിയെ നിയോഗിച്ചത് പിഎംശ്രീയെ കുറിച്ച് പഠിക്കാന്‍ അല്ല മറിച്ച് സ്റ്റേറ്റിന് അതില്‍ നിന്നും എങ്ങനെ പിന്‍വാങ്ങാം എന്നതിനെക്കുറിച്ച് പഠിക്കാന്‍ ആണെന്ന് മന്ത്രി കെ എം ഷാജി. മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ തലകീഴായി മറിഞ്ഞിട്ടില്ലെന്നും നിലപാട് കൃത്യമാണെന്നും കെ എം ഷാജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഫാസിസത്തോടും കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റത്തോടും വര്‍ഗീയത കൊണ്ടുവരുന്ന എല്ലാ രീതിയോടും എതിര്‍പ്പാണ്. തങ്ങളുടെ നിലപാടിനാണ് 102 സീറ്റ് കിട്ടിയത്. അതൊരു ബലമാണെന്നും കെ എം ഷാജി പറഞ്ഞു.
‘ഒരു കരാറില്‍ വി ഡി സതീശനോ പിണറായി വിജയനോ ഒപ്പുവെച്ചാല്‍ അത് സ്റ്റേറ്റിന്റെ ഒപ്പ് ആണ്. നിയമസഭാ സമിതിയെ നിയോഗിച്ചതില്‍ ആശങ്ക വേണ്ട. ഇങ്ങനെ ചെയ്തില്ലെങ്കില്‍ കുറച്ചുകഴിഞ്ഞാല്‍ എന്തുകൊണ്ട് പഠിച്ചില്ലെന്ന് നിങ്ങള്‍ തന്നെ ചോദിക്കും. പിഎംശ്രീയെക്കുറിച്ചല്ല പഠിക്കുന്നത്. സ്റ്റേറ്റിന് അതില്‍ നിന്നും എങ്ങനെ പിന്‍വാങ്ങാം എന്നതിനെക്കുറിച്ചാണ്’, കെ എം ഷാജി വ്യക്തമാക്കി.



