എലോഹിം വർഷിപ്പ് സെന്ററിൽ ബിജെപി പ്രതിഷേധം; ആരാധന തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് വിശ്വാസികളും

എലോഹിം വർഷിപ്പ് സെന്ററിന്റെ ചെന്നീർക്കര കേന്ദ്രത്തിൽ കുട്ടികൾക്ക് നേരെയുണ്ടായെന്നാരോപിക്കുന്ന ക്രൂരപീഡന സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. സ്ഥാപനത്തിന്റെ ഉടമയായ പാസ്റ്റർ ബിനു വാഴമുട്ടത്തിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓമല്ലൂർ സെന്ററിലാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.

പ്രതിഷേധത്തിനിടെ ആരാധന തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് വിശ്വാസികളും പ്രതിഷേധിച്ചു. പ്രാർത്ഥന നടത്തുന്നത് തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അത് നിഷേധിക്കാൻ ആർക്കും അധികാരമില്ലെന്നും അവർ വ്യക്തമാക്കി. ആരാധനയ്ക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു.

പ്രതിഷേധക്കാരും വിശ്വാസികളും തമ്മിൽ വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് വിശ്വാസികൾക്ക് ആരാധനാ ഹാളിലേക്ക് പ്രവേശിക്കാൻ പൊലീസ് സൗകര്യമൊരുക്കി.

ഇതിനിടെ, പത്തനംതിട്ട ഓമല്ലൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട കൂടുതൽ ഗുരുതരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. അന്തേവാസികൾക്ക് ആവശ്യമായ ഭക്ഷണം പോലും കൃത്യമായി ലഭിച്ചിരുന്നില്ലെന്നും വിദ്യാർത്ഥികൾക്ക് ക്രൂരമായ മർദനം നേരിട്ടിരുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കാനുള്ള നടപടികളിലേക്ക് സാമൂഹിക നീതി വകുപ്പ് കടക്കുകയാണ്. അടുത്ത മാസം വരെ പ്രവർത്തനാനുമതിയുള്ള സ്ഥാപനത്തിന്റെ നടത്തിപ്പിൽ ഗുരുതര വീഴ്ചകളുണ്ടെന്ന് വകുപ്പ് വിലയിരുത്തുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ പാസ്റ്റർ ബിനു വാഴമുട്ടം ഒളിവിലാണെന്ന സൂചനകളുണ്ട്. ബാലപീഡന കേസിൽ മാനേജർ ഉൾപ്പെടെ മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button