സി.പി.ഐയിൽ ഭിന്നത രൂക്ഷം; കൊല്ലം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും വീണ്ടും നേർക്കുനേർ

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.ഐയിൽ ആഭ്യന്തര ഭിന്നതകൾ കൂടുതൽ പരസ്യമാകുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യുട്ടീവ്, കൗൺസിൽ യോഗങ്ങളിലും കൊല്ലത്തെ നേതാക്കൾ തമ്മിൽ വാദപ്രതിവാദങ്ങൾ നടന്നു എന്നാണ് റിപ്പോർട്ടുകൾ. കൊല്ലത്തെ പാർട്ടി ഘടകങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ ജില്ലാ സെക്രട്ടറി പി എസ് സുപാൽ അതേ വികാരത്തോടെ സംസ്ഥാന നേതൃയോഗങ്ങളിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന നേതൃത്വവും കൊല്ലം ജില്ലാ നേതൃത്വവും തമ്മിലുള്ള തർക്കം വീണ്ടും ചർച്ചയാകുകയാണ്.
കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാടുകൾ സംസ്ഥാന കൗൺസിൽ യോഗങ്ങളിലും ശക്തമായി ഉന്നയിക്കപ്പെട്ടതായി സൂചന. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ചാത്തന്നൂർ മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്ന ആർ. രാജേന്ദ്രനെതിരെയായിരുന്നു വിമർശനങ്ങളുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് ഏറ്റവും വലിയ തോൽവി കൊല്ലത്താണെന്ന വിലയിരുത്തലുമായി രംഗത്തെത്തിയ ചില നേതാക്കൾ അതിന്റെ ഉത്തരവാദിത്വം ജില്ലാ നേതൃത്വത്തിനാണെന്ന് ആരോപിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട മുതിർന്ന നേതാവ് കെ.ആർ. ചന്ദ്രമോഹനെതിരായ അച്ചടക്കനടപടിയുടെ കാര്യത്തിലും പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നത പ്രകടമായി. ചന്ദ്രമോഹൻ നൽകിയ വിശദീകരണം പരിഗണിച്ച് നടപടിയിൽ ഇളവ് നൽകണമെന്ന് കൊല്ലത്തെ നേതാക്കൾ ശക്തമായി വാദിച്ചു. ഇതിന് വിരുദ്ധമായി കർശന നടപടി വേണമെന്ന ആവശ്യം മറ്റൊരു വിഭാഗം ഉന്നയിച്ചെങ്കിലും, ഒടുവിൽ താക്കീതിൽ നടപടിയൊതുക്കാനാണ് നേതൃത്വം തീരുമാനിച്ചത്.
സ്ഥാനാർഥി നിർണയ ഘട്ടം മുതൽ തന്നെ സംസ്ഥാന നേതൃത്വവും കൊല്ലം ജില്ലാ നേതൃത്വവും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ജില്ലയിലെ നാല് മണ്ഡലങ്ങളിൽ മൂന്നിടത്തും സംസ്ഥാന നേതൃത്വത്തിന്റെ ഇഷ്ട സ്ഥാനാർഥികൾ മത്സരരംഗത്തിറങ്ങിയതും തർക്കത്തിന് വഴിവെച്ചിരുന്നു. ചാത്തന്നൂരിലെ തോൽവി ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതും ജില്ലാ നേതൃത്വത്തിന്റെ നിലപാടിന് മേൽക്കൈ ലഭിച്ചതായാണ് വിലയിരുത്തൽ.



