യൂട്യൂബ് ലൈവിലൂടെ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചു; യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന പരാതിയിൽ യുട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് എറണാകുളം റൂറൽ പൊലീസ് നടപടി സ്വീകരിച്ചത്.
സുഹൃത്തുക്കളുടെ സ്വകാര്യവും അശ്ലീല സ്വഭാവമുള്ളതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി എഫ്ഐആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് തൊപ്പിയുടെയും സംഘത്തിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പരിശോധനയ്ക്ക് ശേഷമാണ് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്.
യൂട്യൂബ് ലൈവുകൾ വഴി പ്രായപൂർത്തിയാകാത്തവരടക്കമുള്ള നിരവധി പേർ കാണുന്ന സാഹചര്യത്തിൽ അശ്ലീല ഉള്ളടക്കങ്ങൾ പ്രദർശിപ്പിച്ചുവെന്നും, പ്രമുഖരുടെ കുടുംബാംഗങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകൾ പൊതുവേദിയിൽ പങ്കുവെച്ചുവെന്നുമാണ് പരാതിക്കാരന്റെ ആരോപണം. കൂടാതെ മയക്കുമരുന്ന് ബന്ധങ്ങൾ, പോക്‌സോ പരിധിയിൽപ്പെടുന്ന വിഷയങ്ങൾ തുടങ്ങിയവയെ ഉത്തരവാദിത്തമില്ലാതെ അവതരിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.
‘ലക്ഷക്കണക്കിന് കുട്ടികൾ തത്സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ ചെയ്ത രീതിയിൽ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇവർ സൈബർ ഇടങ്ങളെ മലിനമാക്കിയത്. ഇതിനുപുറമേ, പ്രമുഖ സെലിബ്രിറ്റികളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലും അങ്ങേയറ്റം അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന ഫോൺ ഓഡിയോ ക്ലിപ്പുകളാണ് ഇവർ ലൈവിലൂടെ പരസ്യമായി പങ്കുവയ്ക്കുന്നത്. മയക്കുമരുന്ന് മാഫിയ ബന്ധങ്ങളും, പോക്‌സോ പരിധിയിൽ വരുന്ന അതിക്രമങ്ങളും വളരെ ലാഘവത്തോടെ സംസാരിച്ച ഇവർ ഇപ്പോൾ സ്ത്രീത്വത്തെയും മാന്യതയെയുമെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണ്’- ശ്രീജിത്ത് പെരുമന പറഞ്ഞു. തൊപ്പിയുടെ മുൻ സുഹൃത്തുക്കൾ തന്നെയാണ് കുറ്റകൃത്യങ്ങളെക്കുറിച്ച് പുറത്തറിയിച്ചത്. ഗായകൻ ഹനാൻഷായുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്.
തൊപ്പിയുടെ മുൻ സുഹൃത്തുക്കളാണ് ഇയാൾക്കെതിരായ ആരോപണങ്ങൾ പുറത്തുകൊണ്ടുവന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഗായകൻ ഹനാൻ ഷായുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും നിലവിൽ തൊപ്പിക്കും സംഘത്തിനുമെതിരെ നിലനിൽക്കുന്നുണ്ട്.



