അവിഹിതബന്ധം ആരോപിച്ച് ഗൃഹനാഥനെ വെട്ടി; ജീപ്പോടെ കൊക്കയിലേക്ക് തള്ളിവിട്ടു; രക്ഷയായി മരം; മൂന്ന് ബന്ധുക്കൾ പിടിയിൽ

ഉടുമ്പൻചോലയിൽ അവിഹിതബന്ധം ആരോപിച്ച് ഗൃഹനാഥനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും, തുടർന്ന് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് ബന്ധുക്കൾ പോലീസിന്റെ പിടിയിലായി. അരുവിളംചാൽ സ്വദേശി മണികണ്ഠനെ (45) ആക്രമിച്ച കേസിൽ കൊച്ചറ സ്വദേശി നിതീഷ് കുമാർ, ഇയാളുടെ അളിയന്മാരായ മഹേഷ്, അശ്വിൻ എന്നിവരെയാണ് ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തത്.

മാൻകുത്തിമേട്ടിൽ വെച്ചായിരുന്നു സിനിമാക്കഥയെ വെല്ലുന്ന രീതിയിലുള്ള ക്രൂരമായ അക്രമസംഭവങ്ങൾ അരങ്ങേറിയത്.

കെണിപ്പൊതിഞ്ഞ വിളി; ഒടുവിൽ ക്രൂരമർദ്ദനം
പ്രതികളായ മഹേഷും അശ്വിനും താമസിക്കുന്ന മാൻകുത്തിമേട്ടിലേക്ക് മണികണ്ഠനെ പ്രതികൾ തന്ത്രപൂർവ്വം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് റോഡരികിലെ ഷെഡിൽ വെച്ച് മണികണ്ഠനും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ നിതീഷ് കുമാർ മണികണ്ഠന്റെ ഇടതു കൈക്ക് വെട്ടിപ്പരിക്കേൽപ്പിക്കുകയും, മഹേഷും അശ്വിനും ചേർന്ന് വടികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുകയുമായിരുന്നു എന്ന് മണികണ്ഠൻ പോലീസിന് മൊഴി നൽകി.

ജീപ്പോടെ കൊക്കയിലേക്ക്… രക്ഷയായത് ആ മരം!
ആക്രമണത്തിന് ശേഷം ചോര വാർന്ന നിലയിലായ മണികണ്ഠനെ പ്രതികൾ അദ്ദേഹം വന്ന ജീപ്പിന്റെ പിൻസീറ്റിൽ കിടത്തി. തുടർന്ന് തേവാരംമെട്ടിന് സമീപമുള്ള വലിയ ഇറക്കത്തിൽ വെച്ച് ജീപ്പ് ന്യൂട്രലിലാക്കിയ ശേഷം താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിവിടുകയായിരുന്നു. വാഹനാപകടമെന്ന് വരുത്തിതീർത്ത് കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ ഭാഗ്യം കൊണ്ട് ജീപ്പ് വഴിയിലുണ്ടായിരുന്ന മരത്തിലിടിച്ചു നിന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

പ്രതികൾ വലയിലായത് ഇങ്ങനെ
രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് കൊക്കയുടെ അരികിൽ അപകടത്തിൽപ്പെട്ട നിലയിൽ ജീപ്പ് കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ഇതൊരു ആസൂത്രിത കൊലപാതക ശ്രമമാണെന്ന് വ്യക്തമായത്.

ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ തുടർചികിത്സയ്ക്കായി മധുര മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്ന മണികണ്ഠന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ പോകാൻ ശ്രമിച്ച മൂന്ന് പ്രതികളെയും പോലീസ് വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Back to top button