‘മുഖ്യമന്ത്രി അഹങ്കാരി, എൻഎസ്എസ് വിചാരിച്ചാൽ പലതും സാധിക്കും’…. മുഖ്യമന്ത്രിക്ക് സുകുമാരൻ നായരുടെ മുന്നറിയിപ്പ്

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ കടുത്ത ഭാഷയിൽ വിരൽചൂണ്ടി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുഖ്യമന്ത്രി വി ഡി സതീശൻ വിചാരിച്ചാൽ എൻഎസ്എസിനെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും എന്നാൽ എൻഎസ്എസ് വിചാരിച്ചാൽ പലതും സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചങ്ങനാശ്ശേരിയിൽ നടന്ന എൻഎസ്എസ് ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു മുഖ്യമന്ത്രിക്ക് നേരെയുള്ള സുകുമാരൻ നായരുടെ രൂക്ഷവിമർശനം. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ അനുമതി തേടിയിട്ടും എൻഎസ്എസ് നേതൃത്വത്തിന് അനുവാദം നൽകിയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. മുഖ്യമന്ത്രി കടുത്ത അഹങ്കാരിയാണെന്നും സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെ ഒഴിവാക്കിയ സംഭവത്തിലും ജി സുകുമാരൻ നായർ പ്രതികരിച്ചു. എല്ലാം ജനാധിപത്യ മര്യാദ അനുസരിച്ചാണ് ചെയ്തതെന്നും അതിൽ ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവധി തീർന്നതിനാലാണ് ഗണേഷിനെ വീണ്ടും ഡയറക്ടർ ബോർഡിലേക്ക് എടുക്കാത്തതെന്നും അല്ലാതെ പുറത്താക്കിയതല്ലെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. വർഷങ്ങളായി പദവികൾ ഇല്ലാതിരിക്കുന്ന ഒട്ടനവധി ആളുകൾ സംഘടനയിലുണ്ട്, അവർക്കും അവസരം നൽകേണ്ടതുണ്ട്. ഓരോ താലൂക്കിലെയും പ്രവർത്തനം വിലയിരുത്തിയാണ് തീരുമാനമെന്നും, ഇത്തവണ ഒരാളെ മാത്രമേ മാറ്റിയിട്ടുള്ളൂവെന്നും സുകുമാരൻ നായർ പറഞ്ഞു. ഈ നടപടിയിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഗണേഷ് കുമാറിന് നിയമപരമായി കേസ് കൊടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എൻഎസ്എസ് നേതൃത്വത്തിന്റെ നടപടിയെ സൗമ്യമായാണ് കെ ബി ഗണേഷ് കുമാർ നേരിട്ടത്. മരിക്കുന്നതുവരെ ഒരു സ്ഥാനത്ത് തന്നെ ഇരിക്കാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. അംഗത്വം പുതുക്കി നൽകാത്തതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും, അംഗത്വം പുതുക്കി നൽകണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനങ്ങൾക്ക് വേണ്ടിയല്ല താൻ എൻഎസ്എസിലേക്ക് വന്നത്. സംഘടനയുമായോ ജനറൽ സെക്രട്ടറിയുമായോ തനിക്ക് അഭിപ്രായവ്യത്യാസമില്ലെന്നും ഇപ്പോഴും താൻ ജനറൽ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന ആളാണെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.




