‘വെടിക്കെട്ടിലെ ആകാശവിസ്മയം പോലെ ഈ ബജറ്റ്…. പ്രസംഗ മത്സരമായിരുന്നെങ്കിൽ സതീശന് അവാർഡ് നൽകാം’…. എം ടി രമേശ്

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ അവതരിപ്പിച്ച കന്നി ബജറ്റിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന നേതാവ് എം ടി രമേശ്. സംസ്ഥാന ബജറ്റിനെ വെടിക്കെട്ടിലെ ആകാശവിസ്മയത്തോടാണ് എം ടി രമേശ് ഉപമിച്ചത്. വർത്തമാനകാലത്തെ കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സാഹചര്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്ത ബജറ്റാണിത്. ഒരുപാട് പദ്ധതികളെക്കുറിച്ച് ബജറ്റിൽ വാതോരാതെ പറയുന്നുണ്ടെങ്കിലും ഇതിനെല്ലാം എവിടെനിന്നും പണം കണ്ടെത്തുമെന്ന ധനാഗമന മാർഗങ്ങളെക്കുറിച്ച് ബജറ്റിൽ ഒരിടത്തും വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള കൃത്യമായ മാർഗങ്ങളെക്കുറിച്ച് ഒരു നിർദ്ദേശവും ബജറ്റിലില്ലെന്ന് എം ടി രമേശ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്റെ വെറുമൊരു ആവർത്തനം മാത്രമാണിത്. വെറുതെ വാഗ്ദാനങ്ങൾ വാരിവിതറുക മാത്രമാണ് സർക്കാർ ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയെക്കുറിച്ചും അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതിന് ശേഷമാണ് കേന്ദ്രം പണം അനുവദിച്ചത്. പദ്ധതി കൃത്യമായി നടപ്പിലാക്കിയാൽ മാത്രമേ ഈ പുതിയ ഗവൺമെന്റിനും തുടർന്ന് പണം അനുവദിക്കുകയുള്ളൂ. ഇനി പിഎം ശ്രീ പദ്ധതിയിൽ നിന്നും പിൻവാങ്ങാൻ സംസ്ഥാനത്തിന് നിയമപരമായി സാധിക്കില്ലെന്നും, പിന്മാറാൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂവെന്നും എം ടി രമേശ് ഓർമ്മിപ്പിച്ചു. പദ്ധതിയോട് എന്തിനാണ് ഇത്രയധികം എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നില്ലെന്നും, അന്ധമായ കേന്ദ്രവിരുദ്ധ വികാരം ഉണ്ടാക്കുമ്പോൾ അതിന്റെ യഥാർത്ഥ നഷ്ടം കേരളത്തിലെ ജനങ്ങൾക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിൽ ബിജെപിക്കോ കേന്ദ്ര സർക്കാരിനോ യാതൊരുവിധ പങ്കുമില്ലെന്ന് എം ടി രമേശ് വ്യക്തമാക്കി. ചോദ്യം ചെയ്യലും അന്വേഷണവുമായി മുന്നോട്ട് പോകുന്നത് സ്വതന്ത്ര കേന്ദ്ര ഏജൻസികളാണ്. സി.എം.ആർ.എൽ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന എല്ലാ പ്രമുഖരുടെ പേരുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. ആ ലിസ്റ്റിൽ യുഡിഎഫ് നേതാക്കളുടെ പേരുകൾ കൂടിയുണ്ടല്ലോ എന്നും എം ടി രമേശ് ഓർമ്മിപ്പിച്ചു.

Related Articles

Back to top button