ആശുപത്രിക്ക് അകത്തും തെരുവുനായ ഭീതി… മൂന്നാം നിലയിൽ വച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുള്ള ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയും അധികൃതരുടെ അനാസ്ഥയും. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു. കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് വീഡിയോഗ്രാഫി വിദ്യാർത്ഥിയുമായ അബിൻ കെ. സതീഷിനാണ് (21) ആശുപത്രിക്ക് അകത്തുണ്ടായിരുന്ന നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്റെ അമ്മാവന്റെ രക്തപരിശോധനാ ഫലം വാങ്ങാനായി മൂന്നാം നിലയിലുള്ള ലബോറട്ടറിയിലേക്ക് പോയതായിരുന്നു അബിൻ. ഈ സമയത്ത് ആശുപത്രിയുടെ മൂന്നാം നിലയിൽ തമ്പടിച്ചിരുന്ന തെരുവുനായ അബിന് നേരെ പെട്ടെന്ന് ചാടിവീഴുകയായിരുന്നു. നായയുടെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കൈവീശി പ്രതിരോധിച്ചപ്പോഴാണ് അബിന്റെ കൈയിൽ കടിയേറ്റത്. കൃത്യസമയത്ത് കൈ വീശി തടഞ്ഞില്ലായിരുന്നുവെങ്കിൽ നായ ശരീരത്തിലേക്ക് ചാടിവീണ് മാരകമായി പരിക്കേൽക്കുമായിരുന്നുവെന്ന് അബിൻ പറഞ്ഞു. കടിയേറ്റ ഉടൻ തന്നെ ആശുപത്രിയിലെ ലാബിലുള്ളവർ കൈ സോപ്പിട്ട് കഴുകുകയും, തുടർന്ന് ആശുപത്രിയിൽ നിന്ന് തന്നെ അബിന് ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ നൽകുകയും ചെയ്തു.
മകന് ആശുപത്രിക്ക് അകത്തുവെച്ച് നായയുടെ കടിയേറ്റ വിവരം അറിയിച്ചപ്പോൾ അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരിൽ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് അബിന്റെ അമ്മ സോണിയ ആരോപിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൃത്യമായ സുരക്ഷയൊരുക്കേണ്ട ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റത്തിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ആശുപത്രി പരിസരത്ത് തെരുവ് നായ ശല്യം വലിയ ഭീഷണിയാണെന്ന് നാട്ടുകാരും രോഗികളും ഒരേപോലെ പറയുന്നു. പകൽ സമയങ്ങളിൽ ആശുപത്രി പരിസരത്ത് തമ്പടിക്കുന്ന നായ്ക്കൾ, രാത്രിയാകുമ്പോൾ കൂട്ടത്തോടെ ആശുപത്രിക്ക് അകത്തേക്ക് കയറുകയാണ് പതിവ്. ഇങ്ങനെ കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ ആളുകളെ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവാണെന്നും പലരും ഭാഗ്യം കൊണ്ടാണ് പലപ്പോഴും രക്ഷപ്പെടുന്നതെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. ഈ ജില്ലാ ആശുപത്രിയോട് ചേർന്നുള്ള കെട്ടിടത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചെന്നും, ഇത്തരം വീഴ്ചകൾ ഇനി ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടി സ്വീകരിക്കുമെന്നും ഡിഎംഒയുടെ ചുമതല വഹിക്കുന്ന ബി. സന്തോഷ് വിശദീകരിച്ചു.



