വീണ്ടും ഷിഗെല്ല….രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് രോഗം സ്ഥിരീകരിച്ചു….

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വിദ്യാര്‍ത്ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ഇരുവര്‍ക്കും വേണ്ട ചികിത്സ നല്‍കി വരുകയാണെന്നും ആരോഗ്യനില തൃപ്തമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.



