പുസ്തകം വാങ്ങാനിറങ്ങിയ 16-കാരിക്ക് നേരെ ആക്രമണം… കുത്തിവീഴ്ത്തിയ ശേഷം വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു കടന്നുകളഞ്ഞ് പ്രതി

തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ യുവാവ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥിനിയായ 16-കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പനവൂർ സ്വദേശിയായ സഹദ് (21) എന്ന യുവാവാണ് പെൺകുട്ടിയെ വീടിന് സമീപത്തുവെച്ച് കത്തികൊണ്ട് കുത്തിവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പകൽ സമയത്തായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. വീട്ടിൽ നിന്നും പുസ്തകം വാങ്ങാനായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു പെൺകുട്ടി. ഈ സമയം വീടിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കാറുമായി കാത്തുനിൽക്കുകയായിരുന്നു പ്രതിയായ സഹദ്. പെൺകുട്ടി നടന്നുപോകുന്നതിനിടെ ഇയാൾ തടഞ്ഞുനിർത്തുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തുകയുമായിരുന്നു. ആക്രമണത്തിനിടെ പ്രദേശത്ത് ഇരുവരും തമ്മിൽ കടുത്ത പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മുഖത്തും കഴുത്തുമാണ് കുത്തേറ്റിരിക്കുന്നത്. കഴുത്തിന് പുറകിലേറ്റ കുത്ത് വളരെ ആഴത്തിലുള്ളതാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.
കുട്ടിയുടെ ആർത്തനാദവും നിലവിളിയും കേട്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടിയതോടെയാണ് പ്രതി സഹദ് സംഭവസ്ഥലത്തുനിന്നും തന്റെ കാറിൽ അതിവേഗം അമിതവേഗതയിൽ ഓടിച്ചുപോയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭ്രാന്തമായ വേഗതയിലായിരുന്ന കാർ, എതിർദിശയിൽ നിന്നും വന്ന മറ്റ് ചില വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചാണ് കടന്നുകളഞ്ഞത്. തുടർന്ന് ചോരയിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണ് അതിവേഗം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവമറിഞ്ഞ് വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രതി സഹദിനായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും വട്ടപ്പാറ പോലീസ് അറിയിച്ചു.



