ബസുകൾ സർക്കാർ ഏറ്റെടുക്കുകയോ കിലോമീറ്ററിന് 55 രൂപ നൽകുകയോ വേണം…. സ്വകാര്യ ബസുടമകൾ

തൃശ്ശൂർ: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് പൂർണ്ണ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള ‘പ്രിയദർശിനി’ പദ്ധതി പ്രാബല്യത്തിൽ വന്നതോടെ, നിലനിൽപ്പ് ഭീഷണിയിലായ സ്വകാര്യ ബസ് മേഖലയെ രക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ രംഗത്ത്. പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയെയും ഇതിനെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ കുടുംബങ്ങളെയും പട്ടിണിയിലാക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി. തൃശൂരിൽ ചേർന്ന അടിയന്തിര യോഗത്തിന് ശേഷമാണ് ബസുടമകൾ തങ്ങളുടെ ആവശ്യങ്ങളും സമരപ്രഖ്യാപനവും നടത്തിയത്.

സ്വകാര്യ ബസ് മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ബസുകൾ സർക്കാർ ഏറ്റെടുക്കണമെന്നാണ് സംഘടന മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുത്ത് സർവീസ് നടത്തണം. ഡ്രൈവറെ ബസ് ഉടമകൾ നിയമിക്കാം, എന്നാൽ കണ്ടക്ടറെ സർക്കാർ നിയോഗിക്കണം. ദിവസേനയുള്ള കളക്ഷൻ സർക്കാരിലേക്ക് നൽകാം. കെഎസ്ആർടിസിക്ക് നൽകുന്നത് പോലെ സ്വകാര്യ ബസുകൾക്കും സർക്കാർ ധനസഹായം നൽകണം. ഇതിനായി ഒരു കിലോമീറ്ററിന് 55 രൂപ വീതം സർക്കാർ ഉടമകൾക്ക് നൽകിയാൽ കളക്ഷൻ തുക പൂർണ്ണമായും സർക്കാരിന് കൈമാറാം. സർക്കാർ കൃത്യമായ പണം തരികയാണെങ്കിൽ സ്വകാര്യ ബസുകളിലും വനിതകൾക്ക് പൂർണ്ണ സൗജന്യ യാത്ര അനുവദിക്കാൻ ഉടമകൾ തയ്യാറാണ്. മേൽപ്പറഞ്ഞ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ പകുതി വിലയ്ക്ക് ഡീസൽ ലഭ്യമാക്കാനും റോഡ് ടാക്സ് പൂർണ്ണമായി ഒഴിവാക്കാനും സർക്കാർ തയ്യാറാകണം.

സംസ്ഥാന ബജറ്റിൽ തങ്ങൾക്ക് അനുകൂലമായ ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയ ഉടമകൾ, ബജറ്റിന് ശേഷം മുഖ്യമന്ത്രി വി. ഡി. സതീശനെ നേരിട്ട് കണ്ട് നിവേദനം നൽകുമെന്നും അറിയിച്ചു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു തീരുമാനവും ഉണ്ടായില്ലെങ്കിൽ വരും മാസമായ ജൂലൈ മുതൽ സംസ്ഥാനവ്യാപകമായി ശക്തമായ സമരത്തിലേക്ക് പോകാൻ തങ്ങൾ നിർബന്ധിതരാകുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായത്. മുഖ്യമന്ത്രി വി. ഡി. സതീശൻ നേരിട്ടാണ് ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയിലെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു ആദ്യ ഉദ്ഘാടന സർവീസ്. ഈ പദ്ധതി പ്രകാരം യാത്ര ചെയ്യുന്നതിന് സ്ത്രീകൾക്ക് യാതൊരുവിധ തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ പ്രായപരിധിയോ മാനദണ്ഡമല്ല. സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ഓർഡിനറി ബസുകളുടെ മുന്നിലും വശങ്ങളിലും ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥിനികൾക്ക് ഇനി മുതൽ ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ കൺസെഷൻ ടിക്കറ്റ് ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കെഎസ്ആർടിസിയുടെ ഈ വൻ ജനപ്രിയ നീക്കം തങ്ങളുടെ റൂട്ടുകളിലെ കളക്ഷൻ പകുതിയായി കുറയ്ക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആശങ്ക.

Related Articles

Back to top button