കേരളത്തിന് കഴിഞ്ഞ വർഷം കിട്ടിയത് 14 പുതിയ ട്രെയിൻ സർവീസുകൾ…

2025-26 സാമ്പത്തികവർഷത്തിൽ കേരളത്തിലൂടെ 14 പുതിയ ട്രെയിൻ സർവീസുകൾ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇതോടൊപ്പം മൂന്ന് ട്രെയിനുകളുടെ സർവീസ് ദൂരം വർധിപ്പിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്ന് 23 പുതിയ ട്രെയിനുകളും കർണാടകയിൽ നിന്ന് 14 ട്രെയിനുകളും ആരംഭിച്ചിട്ടുണ്ടെന്നും, ഇവയിൽ ഭൂരിഭാഗവും ഒന്നിലധികം സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണെന്നും റെയിൽവേ വ്യക്തമാക്കി.
ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് കഴിഞ്ഞ വർഷം അനുവദിച്ചവയിൽ പ്രധാന ട്രെയിൻ. 2025 നവംബർ 8-നാണ് ഈ സർവീസ് ആരംഭിച്ചത്. തുടർന്ന് 2026 ജനുവരി 23-ന് താംബരം–തിരുവനന്തപുരം അമൃത് ഭാരത് എക്സ്പ്രസും സർവീസ് തുടങ്ങി.
ചർലപ്പള്ളി–തിരുവനന്തപുരം അമൃത് ഭാരത് എക്സ്പ്രസ്, പാലക്കാട്–പൊള്ളാച്ചി മെമു, ഷൊർണൂർ–നിലമ്പൂർ മെമു, ഗുരുവായൂർ–തൃശ്ശൂർ പാസഞ്ചർ, എറണാകുളം–വേളാങ്കണ്ണി എക്സ്പ്രസ്, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്, മംഗളൂരു–തിരുനെൽവേലി എക്സ്പ്രസ്, രാമേശ്വരം–മംഗളൂരു എക്സ്പ്രസ്, കൊല്ലം–എറണാകുളം മെമു, തിരുവനന്തപുരം–മംഗളൂരു അന്ത്യോദയ എക്സ്പ്രസ്, കണ്ണൂർ–കോഴിക്കോട് പാസഞ്ചർ, പാലക്കാട്–കണ്ണൂർ എക്സ്പ്രസ് എന്നിവയും പുതുതായി ആരംഭിച്ച സർവീസുകളിൽ ഉൾപ്പെടുന്നു.



