പ്രിയദർശിനി’ പദ്ധതി: ഇത് ഔദാര്യമല്ല, സ്ത്രീകളോടുള്ള ആദരവ്….. മുഖ്യമന്ത്രി വി.ഡി. സതീശൻ

​തിരുവനന്തപുരം: അധികാരത്തിലെത്തി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനം പാലിച്ച് യുഡിഎഫ് സർക്കാർ. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ​

അധികാരമേറ്റ് ഒരു മാസം തികയും മുൻപ് തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഫ്ലാറ്റുകളിൽ ജോലി ചെയ്യുന്നവർ, വിദ്യാർത്ഥിനികൾ, ജീവനക്കാർ തുടങ്ങി സാധാരണക്കാരായ സ്ത്രീകളാണ് കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. പദ്ധതിയിലൂടെ വലിയ സാമ്പത്തിക-സാമൂഹിക പ്രതിഫലനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പദ്ധതി വരുന്നതോടെ കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഗതാഗത മന്ത്രിയിലും അദ്ദേഹത്തിന്റെ ടീമിലും പൂർണ്ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ​സൗജന്യ യാത്ര നടപ്പിലാക്കുമ്പോൾ സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

പൊതുഗതാഗതം മികച്ചതാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സ്വകാര്യ മേഖലയിൽ നഷ്ടമുണ്ടായാൽ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുരുഷന്മാർക്കും സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ നടത്തുന്ന സമരത്തെ മുഖ്യമന്ത്രി തമാശയോടെയാണ് പ്രതികരിച്ചത്. പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ മിച്ചം വരുന്ന തുകയിൽ ചെറിയൊരു ശതമാനം മാത്രമേ വീട്ടിൽ നൽകുകയുള്ളൂവെന്നും ബാക്കി തുക സർക്കാരിലേക്ക് തന്നെ തിരികെ വരുമെന്നും അദ്ദേഹം പരിഹസിച്ചു. ​ഉദ്ഘാടനത്തിന് പിന്നാലെ തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയുള്ള ആദ്യ യാത്രയിൽ മുഖ്യമന്ത്രിയും പങ്കാളിയായി.

കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഷീലയായിരുന്നു ഉദ്ഘാടന സർവീസിന്റെ ഡ്രൈവർ. കണ്ടക്ടറും വനിതയായിരുന്നു.​മുഖ്യമന്ത്രിയും മന്ത്രിമാരായ സി.പി. ജോൺ, കെ.എ. തുളസി എന്നിവരുൾപ്പെടെ 20 വിഐപികൾ തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ ബസിൽ യാത്ര ചെയ്തു. തൃശൂരിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിക്ക് പച്ചക്കൊടി വീശി.

Related Articles

Back to top button