രാമക്ഷേത്ര ട്രസ്റ്റ് സാമ്പത്തിക വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ച് ഉത്തർപ്രദേശ് സർക്കാർ

അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളും സംഭാവനാ ഫണ്ടുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചു. ട്രസ്റ്റിന്റെ അഭ്യർഥനയെ തുടർന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം മൂന്നംഗ സംഘത്തിന് രൂപം നൽകിയത്. ലഖ്‌നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആരോപണങ്ങളുടെയും അഭ്യൂഹങ്ങളുടെയും സത്യാവസ്ഥ കണ്ടെത്തി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണമെന്നാണ് ട്രസ്റ്റ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാമക്ഷേത്രത്തിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങളാണ് ചില ആരോപണങ്ങൾക്കു പിന്നിലെന്നും, വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം അനിവാര്യമാണെന്നും ട്രസ്റ്റ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ കസ്റ്റഡിയിലെടുത്തതായും ഇയാളിൽ നിന്ന് പണം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

ഈ മാസം ആദ്യം സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, രാമക്ഷേത്രത്തിനായി ലഭിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടുകളുണ്ടെന്ന് ആരോപിച്ചിരുന്നു. വിഷയത്തിൽ കോടതി സ്വമേധയാ ഇടപെടണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ഇതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായി മാറിയത്.

അതേസമയം, ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരമായി ഓഡിറ്റിന് വിധേയമാക്കുന്നുണ്ടെന്നും ഇതുവരെ യാതൊരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി. അഖിലേഷ് യാദവ് ആരോപണങ്ങൾ ആവർത്തിക്കുന്നതിനിടെ, ചില ബിജെപി നേതാക്കളും സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്.

മുതിർന്ന ബിജെപി നേതാവ് രജനീഷ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ട്രസ്റ്റിന്റെ വരവ്-ചെലവ് കണക്കുകൾ, സംഭാവനകൾ, ബാങ്ക് അക്കൗണ്ടുകൾ, ഭൂമി ഇടപാടുകൾ തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ക്ഷേത്രനിർമാണത്തിനായി സംഭാവന നൽകിയ ഭക്തർക്ക് പണം എങ്ങനെ വിനിയോഗിക്കപ്പെടുന്നുവെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button