പകർച്ചവ്യാധി ഭീതിയിൽ കേരളം… 13 ദിവസത്തിനിടെ 41 മരണം… പനി പടർന്നുപിടിക്കുന്നു

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതീവ ഭീതിജനകമായ അവസ്ഥയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ 13 ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 41 പേർക്കാണ് ജീവൻ നഷ്ടമായത്. ഇടവിട്ടു പെയ്യുന്ന കനത്ത മഴ രോഗവ്യാപനം അതിരൂക്ഷമാക്കാൻ കാരണമാകുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ആശുപത്രികളിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. മരണസംഖ്യ ഉയരുന്നത് ആരോഗ്യവകുപ്പിനെ കനത്ത ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇൻഫ്ലുവൻസ ബാധിച്ച് ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്. എലിപ്പനി ബാധിച്ച് എട്ടു പേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം 11,534 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മാത്രം പതിനായിരത്തിലധികം പേർക്ക് പനി ബാധിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
കോഴിക്കോടിനും വയനാടിനും പിന്നാലെ തൃശൂരിലും കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചതോടെ സംസ്ഥാനവ്യാപകമായി മുൻകരുതലുകൾ ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്. നിലവിൽ സംസ്ഥാനത്ത് ആകെ 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 59 പേരും ഈ മാസം മാത്രം രോഗബാധിതരായവരാണ്.
ഷിഗെല്ല വ്യാപനം രൂക്ഷമായ വയനാട് ജില്ലയിൽ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളുമായി രക്ഷിതാക്കൾ പുറത്തുപോകുന്നതും പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതും പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ അധികൃതർ കർശനമായി നിർദ്ദേശിച്ചു. പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഷിഗെല്ല ബാക്ടീരിയ പ്രധാനമായും മനുഷ്യന്റെ കുടലിനെയാണ് ബാധിക്കുന്നത്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. കടുത്ത വയറിളക്കം, പനി, ശക്തമായ വയറുവേദന, വിട്ടുമാറാത്ത ക്ഷീണം, മലത്തോടൊപ്പം രക്തം കലർന്നു പോകുക എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികളിലും തുടക്കത്തിൽ ഇത്തരം ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. പനിയും വയറിളക്കവും ഉണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടനടി ഡോക്ടറെ കാണണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചു.



