ചേലക്കര പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ മദ്യപാനം…. ഗ്രേഡ് എസ്ഐയും രണ്ട് സിവിൽ പോലീസ് ഓഫീസർമാരും മിന്നൽ പരിശോധനയിൽ പിടിയിൽ

തൃശൂർ: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പോലീസ് കർശന നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ കാക്കിപ്പടയ്ക്ക് ആകെ നാണക്കേടുണ്ടാക്കി പോലീസ് സ്റ്റേഷനുള്ളിലെ മദ്യപാനം. തൃശൂർ ചേലക്കര പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ ഇരുന്ന് മദ്യപിച്ച ഗ്രേഡ് എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കൈയോടെ പിടിയിലായി. ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജോളി സെബാസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, സജിത്ത് എന്നിവരാണ് സ്റ്റേഷനിലിരുന്ന് മദ്യപിക്കുന്നതിനിടെ പിടിയിലായത്.

ചേലക്കര സ്റ്റേഷനിൽ പോലീസുകാർ ഡ്യൂട്ടിക്കിടെ മദ്യപിക്കുന്നുണ്ടെന്ന രഹസ്യവിവരം തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം വടക്കാഞ്ചേരി എസ്.എച്ച്.ഒ മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് ചേലക്കര സ്റ്റേഷനിൽ അപ്രതീക്ഷിത മിന്നൽ പരിശോധന നടത്തിയത്. റെയ്ഡ് നടത്തുമ്പോൾ ഈ മൂന്ന് ഉദ്യോഗസ്ഥരും സ്റ്റേഷനിലിരുന്ന് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് ഇവരെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. മെഡിക്കൽ പരിശോധനയിൽ ഇവർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ ലഹരി മാഫിയയെയും സാമൂഹിക വിരുദ്ധരെയും അടിച്ചമർത്താനായി ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ക്രമസമാധാനം പാലിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ സ്റ്റേഷനിൽ മദ്യസൽക്കാരം നടത്തിയത്. സംഭവം വകുപ്പിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഗുരുതരമായ ഔദ്യോഗിക വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടിയുടെ ഭാഗമായി കുന്നംകുളം എസിപി വഴി സിറ്റി പോലീസ് കമ്മീഷണർക്ക് വിശദമായ അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കുറ്റക്കാരായ മൂന്ന് പേരെയും സർവീസിൽ നിന്നും അടിയന്തരമായി സസ്‌പെൻഡ് ചെയ്യാനും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വരും മണിക്കൂറുകളിൽ തന്നെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button