തെന്മല പുനർജനി കേന്ദ്രത്തിലെ ക്രൂര പീഡനം… വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി… സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം: തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർ ക്രൂരമായ പീഡനത്തിനും അവഗണനയ്ക്കും ഇരയായ സംഭവത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി. പുനർജനി അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്ന വയോജനങ്ങളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശം നൽകി. സംസ്ഥാനത്തെ സമാനമായ മറ്റ് സ്ഥാപനങ്ങളിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും, ഇത്തരം കേന്ദ്രങ്ങളിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ കർശന പരിശോധന ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അന്തേവാസികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഈടാക്കിയ ശേഷം അവർക്ക് മതിയായ ചികിത്സയോ ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയില്ലെന്നാണ് പുനർജനി കേന്ദ്രത്തിനെതിരെയുള്ള പ്രധാന പരാതി. 9 പുരുഷന്മാരും 3 സ്ത്രീകളും ഉൾപ്പെടെ 12 അന്തേവാസികളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ ഏഴുപേരോളം കഴിഞ്ഞിരുന്നത് അതിവിദൂരമായ ഒരു ചെറിയ മുറിയിലായിരുന്നു. പ്രഭാതകൃത്യങ്ങൾ പോലും സ്വയം ചെയ്യാൻ ബുദ്ധിമുട്ടുന്ന വയോധികരെ തികച്ചും വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ സാഹചര്യത്തിലാണ് പാർപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീ ഇക്കഴിഞ്ഞ ഏപ്രിൽ 25-ന് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ ഭർത്താവ് ബ്രഹ്മദാസ് കേന്ദ്രത്തിന്റെ മേൽനോട്ടം ഏറ്റെടുത്തത്. ഇതിനുശേഷമാണ് അന്തേവാസികളോടുള്ള ക്രൂരതയും ചൂഷണവും വർദ്ധിച്ചതെന്ന് നാട്ടുകാർ പറയുന്നു. വാങ്ങുന്ന പണത്തിനൊത്ത യാതൊരു പരിഗണനയും വയോജനങ്ങൾക്ക് ഇവിടെ ലഭിച്ചിരുന്നില്ല.

പുനർജനി കേന്ദ്രത്തെക്കുറിച്ച് നേരത്തെയും പല ദുരൂഹതകളും ഉയർന്നിരുന്നു. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീക്ക് ആദ്യ ഭർത്താവിൽ ഉണ്ടായ മകൾ ഈ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച സംഭവം നടന്നിട്ട് അധിക നാളായിട്ടില്ലെന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ, മുൻപ് ഇവിടെ താമസിച്ച് മരണപ്പെട്ടിട്ടുള്ള മറ്റ് അന്തേവാസികളുടെ വിവരങ്ങൾ ശേഖരിക്കാനും അവയിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അനാഥരും നിരാലംബരുമായ വയോധികരെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങൾ കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

Related Articles

Back to top button