സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു… ഇന്ന് 3 ജില്ലകളിൽ മാത്രം മഴ മുന്നറിയിപ്പ്… തീരദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് പെയ്തുതിമിർത്ത കാലവർഷം ദുർബലമാകുന്നു. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത ഗണ്യമായി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ വടക്കൻ ജില്ലകളിൽ മാത്രമാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് വടക്കൻ കേരളത്തിലാണ് മഴ മുന്നറിയിപ്പുള്ളതെങ്കിൽ നാളെ മധ്യ-തെക്കൻ കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ ജാഗ്രതാ നിർദ്ദേശമുള്ളത്. എന്നാൽ മറ്റന്നാൾ മുതൽ സംസ്ഥാനത്ത് യാതൊരുവിധ മഴ മുന്നറിയിപ്പുകളും നിലവിലില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

മഴയുടെ ശക്തി കുറയുമെങ്കിലും കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ തീരങ്ങളിൽ നിന്നുള്ള മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 45 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും വരും മണിക്കൂറുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Related Articles

Back to top button