ഡിവൈഎഫ്ഐ ലോകകപ്പ് വിളംബരജാഥ തടഞ്ഞ് പോലീസ്; ഹരിപ്പാട് സംഘർഷം; എസ്.ഐയെ അടിയന്തിരമായി സ്ഥലംമാറ്റി

ഹരിപ്പാട്: ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങളുടെ ഭാഗമായി ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വിളംബരജാഥ പൊലീസ് തടഞ്ഞതിനെച്ചൊല്ലി ഹരിപ്പാട് നഗരത്തിൽ വൻ സംഘർഷം. ജാഥ തടയാൻ ഹരിപ്പാട് എസ്.ഐ പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ടതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. സംഭവത്തിന് പിന്നാലെ 25 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് തൊട്ടുപിന്നാലെ ഹരിപ്പാട് എസ്.ഐയെ അടിയന്തരമായി സ്ഥലം മാറ്റുകയും ചെയ്തു.

ലോകകപ്പിൽ പങ്കെടുക്കുന്ന പ്രമുഖ ടീമുകളുടെ ജഴ്സി ധരിച്ചും, വിവിധ രാജ്യങ്ങളുടെ പതാകകളും ഫുട്ബോൾ ഇതിഹാസങ്ങളുടെ ചിത്രങ്ങളും കൈകളിലേന്തിയുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ വിളംബര ജാഥ നടത്തിയത്. ജാഥ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ജംക്‌ഷനിൽ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം.

മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹരിപ്പാട് എസ്.ഐ ബാബുജി പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ട് ജാഥ തടയുകയായിരുന്നു. ജാഥയിലുണ്ടായിരുന്ന വാഹനവും ഉച്ചഭാഷിണിയും പൊലീസ് പിടിച്ചെടുക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഒടുവിൽ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ ഉറപ്പിച്ചു പറഞ്ഞതോടെ, ജാഥയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം പൊലീസ് പിൻവാങ്ങി.

സംഭവത്തിൽ ആദ്യം കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. എന്നാൽ, പൊലീസിന്റെ നടപടിക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ ആലോചിക്കുന്നെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം നൽകിയതോടെ പൊലീസ് നിലപാട് മാറ്റി. അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചതിനും, ജാഥ നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതിനും കണ്ടാലറിയാവുന്ന 25 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഹരിപ്പാട് എസ്.ഐ ബാബുജിയെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.

ഭരണകക്ഷി സംഘടനയുടെ ജാഥ തടഞ്ഞതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദമാണ് പെട്ടെന്നുള്ള സ്ഥലംമാറ്റത്തിന് പിന്നിലെന്നും, ഇത് അച്ചടക്ക നടപടിയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. എന്നാൽ, ഈ സ്ഥലംമാറ്റം മുൻകൂട്ടി തീരുമാനിച്ച ഭരണപരമായ പ്രക്രിയ മാത്രമാണെന്നാണ് പൊലീസ് അധികൃതരുടെ ഔദ്യോഗിക വിശദീകരണം.

Related Articles

Back to top button