അമ്മയില്ല, അച്ഛൻ വേറെ വിവാഹം കഴിച്ചു, മർദ്ദനം സഹിക്കാനാവാതെ 14കാരൻ അഭയം തേടിയത് റെയിൽവേ സ്റ്റേഷനിൽ

ആലപ്പുഴ: സഹോദരൻറെ മക്കളെ ഭിക്ഷാടനത്തിന് കൊണ്ടുവന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട് തട്ടാരമ്പലത്തിലെ പാലത്തിനടിയിൽ ഒളിവിൽ കഴിയവേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഭിക്ഷാടനത്തിനായി കൊണ്ടുവന്ന കുട്ടികളെ ബാലഭവനിലേക്ക് മാറ്റി. ഹരിപ്പാട് കുട നന്നാക്കുന്ന ജോലിയുമായി കഴിയുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശി 31 കാരൻ അന്തോണി ഒരുമാസം മുൻപാണ് രണ്ട് കുട്ടികളെ ഹരിപ്പാട് എത്തിച്ചത്. കഴിഞ്ഞ ദിവസം അന്തോണിയുടെ മർദനം സഹിക്കവയ്യാതെ രക്ഷപ്പെട്ടോടിയ 14 വയസ്സുകാരൻ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടി. യാത്രക്കാരും ഉദ്യോഗസ്ഥരും ചേർന്ന് വിവരം പോലീസിനെ അറിയിച്ചു. ഇതോടെയാണ് ഭിക്ഷാടനത്തിൻറെ വിവരം പുറത്ത് അറിയുന്നത്.
പത്തിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികൾ. അമ്മ മരിച്ചു പോയി. അച്ഛൻ വേറെ വിവാഹം കഴിച്ചതോടെ ഇരുവരും തമിഴ്നാട് സർക്കാരിന്റെ തൂത്തുകുടിയിലെ ബാലഭവനിൽ നിന്നായിരുന്നു പഠിച്ചിരുന്നത്. ഒരു മാസം മുൻപ് അച്ഛൻറെ സഹോദരനായ അന്തോണി കുട്ടികളെ ഹരിപ്പാട്ടേക്ക് കൂട്ടികൊണ്ടു വന്നു. ശേഷം നഗരത്തിൽ ഭിക്ഷ എടുക്കാനായി വിടുകയായിരുന്നു. കൃത്യമായി ഭക്ഷണംപോലും കൊടുക്കാതെ ക്രൂരമായി മർദിക്കുമായിരുന്നു എന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകി.
കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചതിനും ഉപദ്രവിച്ചതിനും അന്തോണിക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ അന്തോണിയെ തട്ടാരമ്പലത്തിലെ ഒരു പാലത്തിനടിയിൽ നിന്നാണ് പിടികൂടിയത്. രണ്ട് കുട്ടികളെയും ബാലഭവനിലേക്ക് മാറ്റി. കുട്ടികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി സിഡബ്ലിയുസി അറിയിച്ചു.



