നിപ: 22 പേരുടെ സമ്പർക്കപ്പട്ടിക പുറത്ത്… ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിന് സാധ്യത

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. ഫറോക്ക് സ്വദേശിയായ യുവാവിനാണ് രോഗബാധ കണ്ടെത്തിയത്. ഇതിന് പിന്നാലെ രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. വീട്ടുകാരും അയൽവാസികളും ഉൾപ്പെടെ 22 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് റെസ്പോൺസ് ടീമിനെ (RRT) സജ്ജമാക്കിയിട്ടുണ്ട്.
തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായി രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ അടിയന്തര യോഗം ചേർന്നു. സമ്പർക്കപ്പട്ടികയിലുള്ള 22 പേരിൽ 9 പേർ രോഗിയുടെ വീട്ടുകാരും തൊട്ടടുത്ത വീട്ടിലുള്ളവരുമാണ്. ഇവരെല്ലാവരും നിലവിൽ കൃത്യമായ നിരീക്ഷണത്തിലാണ്. സംസ്ഥാനതലത്തിൽ നിന്നുള്ള നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക്, ആവശ്യമെങ്കിൽ രോഗബാധിത പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാഴ്ച മുൻപ് കടുത്ത പനിയോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങൾ പ്രകടമാകുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡിൽ ചികിത്സയിലാണ് ഇയാൾ. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിലെ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം കർശന സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ പകരാൻ സാധ്യതയുള്ള ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളുടെ ഉമിനീരോ മൂത്രമോ കലർന്ന പാനീയങ്ങളിലൂടെയോ വവ്വാൽ കടിച്ച പഴങ്ങളിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. നിപയുടെ പ്രധാന ലക്ഷണങ്ങൾ പനിയോടൊപ്പം ശരീരവേദന, തലവേദന, ശ്വാസതടസ്സം, ഛർദ്ദി, ബോധക്ഷയം. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാമെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു. രോഗികളുമായി അടുത്തിടപഴകുന്നവർ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ (പിപിഇ കിറ്റ്, മാസ്ക്, സാനിറ്റൈസർ) കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.



