ടാറ്റ ഗ്രൂപ്പിനെ ബംഗാളിലേക്ക് മടക്കിയെത്തിക്കും… മമതയുടെ സിംഗൂർ പ്രക്ഷോഭ ഭൂമിയിൽ പുതിയ ചരിത്രമെഴുതാൻ ബിജെപി

കൊൽക്കത്ത: ടാറ്റ ഗ്രൂപ്പിനെ പശ്ചിമ ബംഗാളിലേക്ക് തിരികെ എത്തിക്കുമെന്ന പ്രഖ്യാപനവുമായി പുതിയ ബിജെപി സർക്കാർ. സംസ്ഥാനം വീണ്ടും വ്യവസായങ്ങൾക്ക് അനുകൂലമായി മാറിയെന്ന ശക്തമായ സന്ദേശം നൽകാൻ ടാറ്റയുടെ തിരിച്ചുവരവിലൂടെ സാധിക്കുമെന്ന് ബംഗാൾ വ്യവസായ മന്ത്രി തപസ് റോയ് വ്യക്തമാക്കി. ടാറ്റാ ഗ്രൂപ്പിനെ സംസ്ഥാനത്തേക്ക് മടക്കി എത്തിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
ബംഗാളിനെക്കുറിച്ച് ആഗോള നിക്ഷേപകർക്കുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ ടാറ്റയുടെ മടങ്ങിവരവ് സഹായിക്കുമെന്നാണ് ബിജെപിയുടെ വാദം. എന്നാൽ, ടാറ്റാ ഗ്രൂപ്പ് നിലവിൽ തന്നെ സംസ്ഥാനത്ത് സജീവമാണെന്നും ബിജെപി ഇപ്പോൾ നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായ തെറ്റായ പ്രചാരണമാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. 2008-ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ സിംഗൂരിൽ നടന്ന ശക്തമായ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് ടാറ്റ തങ്ങളുടെ വിപ്ലവകരമായ ‘നാനോ കാർ’ പദ്ധതി ഉപേക്ഷിച്ച് ബംഗാൾ വിട്ടത്. അന്ന് ബംഗാളിൽ നിന്നും ഗുജറാത്തിലേക്കാണ് ടാറ്റ നാനോ പദ്ധതി മാറ്റിയത്.
34 വർഷം നീണ്ടുനിന്ന ഇടതുഭരണത്തെ അട്ടിമറിച്ച് 2011-ൽ മമതാ ബാനർജിയെ അധികാരത്തിലേറ്റാൻ സഹായിച്ച പ്രധാന ഘടകങ്ങളിലൊന്ന് ഈ സിംഗൂർ പ്രക്ഷോഭമായിരുന്നു. വർഷങ്ങൾക്ക് ശേഷം ബംഗാളിൽ രാഷ്ട്രീയ മാറ്റം ഉണ്ടായ പശ്ചാത്തലത്തിലാണ്, മമതയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് കാരണമായ അതേ ടാറ്റാ വിഷയത്തെ മുൻനിർത്തി ബിജെപി സർക്കാർ പുതിയ വ്യവസായ നീക്കങ്ങൾക്ക് തുടക്കമിടുന്നത്.



