ചെറുവണ്ണൂർ മേൽപ്പാല നിർമ്മാണം…. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കളക്ടറുടെ അടിയന്തര ഇടപെടൽ… പുതിയ പരിഷ്കാരം ഇങ്ങനെ

കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരവുമായി ജില്ലാ കളക്ടർ. നിർമ്മാണം നീണ്ടുപോകുന്നതിൽ നിർമ്മാണ കമ്പനിയോട് വിശദീകരണം തേടിയ കളക്ടർ, ജനങ്ങളുടെ ദുരിതയാത്രയ്ക്ക് അറുതി വരുത്താൻ പുതിയ ഗതാഗത പരിഷ്കരണവും പ്രഖ്യാപിച്ചു. ചെറുവണ്ണൂരിലെ ബ്ലോക്ക് ഒഴിവാക്കുന്നതിനായി ചെറിയ വാഹനങ്ങൾ മോഡേൺ വഴി തിരിച്ചുവിടും. മഴയില്ലാത്ത സമയങ്ങളിൽ 24 മണിക്കൂറും പ്രവൃത്തികൾ നടത്താൻ നിർമ്മാണ കമ്പനിക്ക് കളക്ടർ നിർദ്ദേശം നൽകി.
റോഡിലെ ബ്ലോക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. നിലവിൽ റോഡിലുള്ള കുഴികൾ 24 മണിക്കൂറിനകം അടച്ച് തനിക്ക് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. നിർമ്മാണ സ്ഥലത്ത് ആവശ്യമില്ലാത്തതും തടസ്സം സൃഷ്ടിക്കുന്നതുമായ ഉപകരണങ്ങൾ റോഡിൽ നിന്ന് അടിയന്തരമായി മാറ്റണം. ദേശീയപാതയിൽ കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്ക് ജനങ്ങളെയും യാത്രക്കാരെയും വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പരാതിക്കാരിയായ ദീപയും നാട്ടുകാരും ഉന്നയിച്ച വിഷയങ്ങളിലാണ് കളക്ടർ ഇപ്പോൾ ഉറപ്പ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ പുതിയ പരിഷ്കാരങ്ങളോടെ യാത്രാദുരിതത്തിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.



