’14 വയസുകാരന് നേരെ തോക്ക് ചൂണ്ടി, സ്ത്രീകളെ മർദിച്ചു’… കൗൺസിലർ സുഗതന്റെ അറസ്റ്റിൽ വട്ടിയൂർക്കാവ് പൊലീസിനെതിരെ വി.വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതനെ നാടകീയ രംഗങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി ജില്ലാ നേതൃത്വം. നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും അറസ്റ്റിനിടെ പൊലീസ് അവിടെ അസാധാരണ സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നും വി.വി രാജേഷ് ആരോപിച്ചു.
പൊലീസ് സുഗതനെ ക്രൂരമായി ആക്രമിച്ചുവെന്നും തടയാൻ ശ്രമിച്ച സുഗതന്റെ ഭാര്യയ്ക്ക് മർദനമേറ്റെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിനും എസ്ഐയും മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും ഇക്കാര്യത്തിൽ ഉടൻ തന്നെ ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുമെന്നും വി.വി രാജേഷ് വ്യക്തമാക്കി. സുഗതനെ അയോഗ്യനാക്കണമെന്ന ആഗ്രഹം പലർക്കുമുണ്ടെന്നും എന്നാൽ അയോഗ്യത ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുത്ത പരിപാടിയിൽ രാത്രി 9 മണിക്ക് മൈക്ക് സെറ്റ് ഓഫ് ചെയ്തയാളാണ് ഈ വട്ടിയൂർക്കാവ് എസ്എച്ച്ഒ എന്നും, ഇയാൾക്കെതിരെ എഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും രാജേഷ് ആവശ്യപ്പെട്ടു. പൊലീസിനെതിരെ തങ്ങൾ ഒരു അക്രമവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഗതനെതിരെ കാപ്പ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. സുഗതൻ സമൂഹത്തിന് ഭീഷണിയാണെന്നും എട്ട് വർഷത്തിനിടെ വധശ്രമം ഉൾപ്പെടെ 7 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നുണ്ട്. 2014 മുതൽ റൗഡി ലിസ്റ്റിലുള്ള സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് വധശ്രമക്കേസിൽ ഒളിവിലായിരുന്ന ഇയാളെ പിടികൂടാൻ പൊലീസ് എത്തിയത്. പിടികൂടാനെത്തിയ പൊലീസിനെ സുഗതന്റെ അനുയായികൾ വളഞ്ഞതോടെ വട്ടിയൂർക്കാവ് സിഐ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. അനുയായികളുടെ ആക്രമണത്തിൽ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചതിനും ഇപ്പോൾ സുഗതനെതിരെ പുതിയ കേസെടുത്തിട്ടുണ്ട്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയ സുഗതൻ, താൻ ഒളിവിലായിരുന്നില്ലെന്നും ചിക്കൻപോക്സ് ബാധിച്ച് വിശ്രമത്തിലായിരുന്നു എന്നുമാണ് അവകാശപ്പെടുന്നത്.



